‘മകളെയോർത്ത് മരണം വരെ ഉള്ളുനീറിയാണ് ശങ്കരനാരായണൻ പോയത്’; ഒപ്പം ജയിലിൽ കിടന്ന സുഹൃത്ത്

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കൃഷ്ണ പ്രിയയുടെ അച്ഛന്‍ ശങ്കരനാരായണൻ ഇന്നലെയാണ് മരിച്ചത്. മകളുടെ കൊലയാളി വെടിയേറ്റ മരിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ ശങ്കരനാരായണൻ കേരള മനസാക്ഷി മറക്കാത്ത മുഖമാണ്. ചാരങ്ങാട്ടെ ശങ്കരനാരായണൻ്റെ ഏറ്റവും അടുത്ത സുഹൃത്തും ഒരു ശങ്കരനാരായണനാണ്. മുഹമ്മദ് കോയ കൊലപാതക കേസിൽ ചാരങ്ങാട്ടെ ശങ്കരനാരായണനൊപ്പം ജയിലിൽ കിടന്ന ഈ ശങ്കരനാരായണനെയും ഹൈക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടിരുന്നു. സുഹൃത്തിന് മകൾ കൃഷ്ണപ്രിയയോടുണ്ടായിരുന്ന ഹൃദയബന്ധം പറയുമ്പോൾ ശങ്കരനാരായണന് ഇപ്പോഴും സങ്കടം സഹിക്കാനാവുന്നില്ല.
സ്വന്തം മക്കളുടെ ഓർമ്മകൾ ഒരിയ്ക്കലും മാഞ്ഞുപോവില്ലെന്ന് ശങ്കരനാരായണൻ പറഞ്ഞു. ശങ്കരനാരായണനൊപ്പം കേസിൽപ്പെട്ടു. ഹൈക്കോടതി നിരപരാധിത്വം അറിഞ്ഞ് വെറുതെ വിട്ടു. ശങ്കരനാരായണൻ കൂടപ്പിറപ്പ് പോലെയാണെന്നും മരിച്ചതിൽ അതിയായ വിഷമമുണ്ടെന്നും സുഹൃത്ത് പറയുന്നു. അവസാന കാലം വരെ മകളുടെ മരണത്തിൽ ശങ്കരനാരായണന് വേദനയുണ്ടായിരുന്നു. സാഹചര്യത്തെളിവുകൾ അനുസരിച്ച് മുഹമ്മദ് കോയ തന്നെയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് അറിയുന്നത്. കുട്ടിയെ തെരയാൻ കോയയും ശങ്കരനാരായണനൊപ്പം പോവുമായിരുന്നു. എല്ലാവരോടും ഇഷ്ടമുള്ള ഒരു മോളായിരുന്നു കൃഷ്ണ പ്രിയയെന്നും ശങ്കരനാരായണൻ പറഞ്ഞു.