Uncategorized

ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന്‍ രണ്ടാഴ്ചത്തേക്ക് പരോളില്‍ ഇറങ്ങി; സ്വാഭാവിക നടപടിയെന്ന് ജയിൽവകുപ്പ്

പത്തനംതിട്ട: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് പരോൾ അനുവദിച്ചു. രണ്ടാഴ്ചത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. സ്വാഭാവിക നടപടിയെന്നാണ് വിഷയത്തിൽ ജയിൽ വകുപ്പിന്റെ പ്രതികരണം. ശിക്ഷായിളവ് നൽകി ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം വിവാദമായിരുന്നു. അതിനിടെ സഹതടവുകാരിയെ മർദിച്ചതിന് കഴിഞ്ഞ മാസം ഷെറിനെതിരെ കേസുമെടുത്തിരുന്നു. കണ്ണൂരിലെ വനിതാ ജയിലിലാണ് ഷെറിൻ ഇപ്പോഴുള്ളത്.

സഹതടവുകാരിയെ മർദിച്ചതിനെ തുടർന്നാണ് ഷെറിനെതിരെ കേസ് എടുത്തത്. കണ്ണൂർ വനിതാ ജയിലിൽ വെച്ചായിരുന്നു സംഭവം. കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും മർദിച്ചെന്നായിരുന്നു കേസ്. ശിക്ഷാ ഇളവ് നൽകാൻ തീരുമാനം എടുത്തതിനു പിന്നാലെയാണ് ഷെറിനെതിരെ കേസെടുത്തത്. ഷെറിന് മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തിയായിരുന്നു ജയിൽ ഉപദേശക സമിതിയുടെ തീരുമാനം. എന്നാൽ ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.

സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലിൽ പ്രശ്നങ്ങളുണ്ടാക്കിയതിനാൽ നാലു തവണ ജയിൽ മാറ്റിയ ഷെറിനെ ജയിൽ മോചിതയാക്കാനുള്ള മന്ത്രസഭ തീരുമാനം മിന്നൽ വേഗത്തിലായിരുന്നു. 25 വര്‍ഷത്തിലധികമായി തടവിലുള്ളവരെ വിട്ടയക്കണമെന്ന് ജയിൽ ഉപദേശ സമിതികളുടെ ശുപാര്‍ശകളിൽ തീരുമാനം നീളുമ്പോഴാണ് 14 വര്‍ഷം പൂര്‍ത്തിയാക്കിയെന്ന കാരണം പറ‍‍‍ഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. കണ്ണൂര്‍ ജയിൽ ഉപദേശക സമിതി ഡിസംബറിൽ നൽകിയ ശുപാര്‍ശ പരിഗണിച്ചായിരുന്നു മന്ത്രിസഭാ തീരുമാനം. 2009 നവംബർ എട്ടിനാണ് ചെങ്ങന്നൂർ കാരണവേഴ്സ് വില്ലയിലെ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. ഭാസ്കര കാരണവരുടെ മരുമകളായ ഷെറിനും കാമുകനും ചേർന്നായിരുന്നു കൃത്യം നടത്തിയത്. ഷെറിന്റെ ബന്ധങ്ങൾ ഭാസ്കര കാരണവർ എതിർത്തതായിരുന്നു പ്രകോപനം. വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട കേസായിരുന്നു ഇത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button