സിസിടിവിയിൽ കണ്ടത് ‘മൗണ്ടന്‍ വ്യൂ’ പരിസരത്തെ പരസ്യ മദ്യപാനം, തടയാൻ ശ്രമിച്ചതോടെ ക്രൂരമർദ്ദനം, കേസ്

കോഴിക്കോട്: താമരശ്ശേരി കാരാടിയില്‍ ടൂറിസ്റ്റ് ഹോം ജീവനക്കാരനുനേരെ മദ്യപ സംഘത്തിന്റെ ആക്രമണം. ടൂറ്റിസ്റ്റ് ഹോം പരിസരത്തു വെച്ച് മദ്യപിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. പരിക്കേറ്റ ജീവനക്കാരന്‍ അന്‍സാറിന്റെയും സുഹൃത്ത് ലബീബിന്റെയും പരാതിയില്‍ താമരശ്ശേരി പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവമുണ്ടായത്.
ഒരു സംഘം ആളുകള്‍ കാരാടിയിലെ മൗണ്ടന്‍ വ്യൂ ടൂറിസ്റ്റ് ഹോം പരിസരത്ത് വെച്ച് മദ്യപിക്കുകയായിരുന്നു. സിസിടിവിയിലൂടെ ഈ ദൃശ്യം കണ്ട അന്‍സാര്‍ അവരുടെ അടുത്ത് ചെന്ന് ടൂറിസ്റ്റ് ഹോം പരിസരത്ത് മദ്യപിക്കാൻ സാധിക്കില്ലെന്നും ഇവിടെ നിന്നും പോകാനും ആവശ്യപ്പെട്ടു. ഇതിലുള്ള പ്രകോപനമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന വടി വാളിന് സമാനമായ ആയുധം ഉപയോഗിച്ചാണ് തന്നെ മര്‍ദ്ദിച്ചതെന്ന് അന്‍സാര്‍ ആരോപിക്കുന്നത്. സംഭവം കണ്ടതിനെ തുടര്‍ന്ന് തടയാനെത്തിയ അന്‍സാറിന്റെ സുഹൃത്ത് ലബീബിനെയും അക്രമികള്‍ മര്‍ദ്ദിച്ചു. ടൂറിസ്റ്റ് ഹോമിലെ ഇന്റര്‍നെറ്റ് ശരിയാക്കാനെത്തിയതായിരുന്നു ലബീബ്.
അന്‍സാറിന്റെയും ലബീബിന്റെയും പരാതിയില്‍ താമരശ്ശേരി പൊലീസാണ് കേസെടുത്തത്. സിദ്ദീഖ്, ജുനൈദ്, ആശിഖ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കണ്ടാല്‍ തിരിച്ചറിയാത്ത രണ്ടുപേര്‍ കൂടി അക്രമി സംഘത്തില്‍ ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. പ്രതികള്‍ എല്ലാവരും ഒളിവലാണ്. ഇവര്‍ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.