Uncategorized

ഗോകുലം ഇഡി റെയ്ഡ്: ​ഗോകുലം ഫെമ, ആർബിഐ ചട്ടങ്ങൾ ലംഘിച്ചതായി ഇഡി; സ്ഥാപനങ്ങളില്‍ കൂടുതൽ പരിശോധന

ചെന്നൈ: ​ഗോകുലം ​ഗ്രൂപ്പിലെ പരിശോധനയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഇഡി. ​ഗോകുലം ​ഗ്രൂപ്പ് ആർബിഐ, ഫെമ ചട്ടങ്ങൾ ലംഘിച്ചതായി ഇ‍ഡി വ്യക്തമാക്കുന്നു. വാർത്താക്കുറിപ്പിലൂടെയാണ് ഇഡി വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ​ഗോകുലം ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു. 592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതായി ഇഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. 370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും ആണ് സ്വീകരിച്ചിരിക്കുന്നത്. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയും ചെയ്തു. ​ഗോകുലം ​ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ കൂടുതൽ റെയ്ഡ് നടക്കുന്നതായും ഇഡി അറിയിച്ചു. പിടിച്ചെടുത്ത രേഖകളില്‍ പരിശോധന തുടരുന്നതായും ഇഡി അറിയിച്ചു.

ഗോകുലം ഗോപാലന്റെ ധനകാര്യ സ്ഥാപനങ്ങളിലെ പരിശോധനക്കിടെ ഒന്നര കോടി രൂപ പിടിച്ചെടുത്തതായി ഇഡി വൃത്തങ്ങളിൽ നിന്ന് സൂചന ലഭിച്ചിരുന്നു. ചെന്നൈയിലും കോഴിക്കോടുമായി ഗോകുലം ചിറ്റ്സിൻ്റെ അടക്കം ഓഫീസുകളിലും ഗോകുലം ഗ്രൂപ്പിൻ്റെ കോർപറേറ്റ് ഓഫീസിലും നീലാങ്കരയിലെ വീട്ടിലുമാണ് പരിശോധന നടത്തിയത്. കോഴിക്കോട്ടായിരുന്ന ഗോകുലം ഗോപാലനെ ഇന്നലെ വൈകീട്ട് ചെന്നൈയിലേക്ക് വിളിപ്പിച്ച ഇഡി, രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു. പി എം എൽ എ ലംഘനം , വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയയുടെ പേരിലായിരുന്നു ഇഡി പരിശോധന.
ഏതാണ്ട് 1000 കോടിയോളം രൂപയുടെ കളളപ്പണ് ഇടപാട് ഗോകുലം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്നെന്നാണ് പറയപ്പെടുന്നത്. ഗോകുലം ഗോപാലൻ ഡയറക്ടറായ കമ്പനികൾ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്. കോടികളുടെ വിദേശ സാമ്പത്തിക ഇടപാടുകളാണ് ഫെമാ ചട്ട ലംഘനമായി പരിശോധിക്കുന്നത്. 2017 ൽ ആദായ നികുതി വകുപ്പും 2023ൽ ഇഡിയും ഗോകുലം ഗോപാലനെതിരെ അന്വേഷണം നടത്തിയിരുന്നു.

അതിനിടെ, പ്രതിഫലത്തുകയിൽ വ്യക്തത വരുത്താൻ നടൻ പൃഥ്വിരാജിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു, മുൻപ് അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത നേടിയത്, കഴിഞ്ഞ വർഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു, അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടി. ആദായ നികുതി അസസ്മെന്റ് വിഭാഗമാണ് ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഈ മാസം മുപ്പതിനകം മറുപടി നൽകാനാണ് നിർദേശം. മാസങ്ങളായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇപ്പോഴത്തേതെന്നാണ് ആദായനികുതി വിഭാഗം വിശദമാക്കുന്നത്. എമ്പുരാൻ വിവാദത്തിന് മുമ്പാണ് നോട്ടീസ് നൽകിയതെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button