അമിതമായ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗം; കേരള പോലീസ് രക്ഷപ്പെടുത്തിയത് 775 കുട്ടികളെ

കൊല്ലം: കേരള പോലീസിന്റെ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ അഥവാ ‘ഡി-ഡാഡ്’ പദ്ധതിയിലൂടെ ഡിജിറ്റല്‍ അടിമത്തത്തില്‍നിന്നു 775 കുട്ടികള്‍ രക്ഷപ്പെട്ടതായി കേരള പോലീസ്. സംസ്ഥാനത്താകെ പദ്ധതിയുമായി ഇതുവരെ ബന്ധപ്പെട്ടത് 1739 പേരാണ്.
ബാക്കി കുട്ടികളുടെ കൗണ്‍സലിങ്ങും തുടര്‍ചികിത്സയും പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രവീണ്‍ പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസം, പരീക്ഷ തുടങ്ങിയ കാര്യങ്ങളെല്ലാം നോക്കി സമയം നല്‍കിയാണ് കൗണ്‍സലിങ്. ചിലര്‍ക്ക് കൂടുതല്‍ സിറ്റിങ് ആവശ്യമായി വരാറുണ്ട്.
സോഷ്യല്‍ പോലീസിങ് വിഭാഗം 2023 ജനുവരിയിലാണ് ‘ഡി-ഡാഡ്’ തുടങ്ങിയത്. കുട്ടികളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് അടിമത്തം നിയന്ത്രിക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ സ്വാഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച് ഇത് കണ്ടെത്താം. മനശ്ശാസ്ത്രവിദഗ്ധര്‍ തയ്യാറാക്കിയ ഇന്റര്‍നെറ്റ് അഡിക്ഷന്‍ ടെസ്റ്റ് വഴിയാണ് അടിമത്തത്തിന്റെ തോത് കണ്ടെത്തുക. ശേഷം കുട്ടികളെ ഇതില്‍നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗണ്‍സലിങ്, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ നല്‍കും. ഇതിലൂടെ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളാണെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ഉറപ്പാക്കും. അമിത ദേഷ്യം, അക്രമാസക്തരാകല്‍, ആത്മഹത്യ പ്രവണത, വിഷാദം,പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കാണ് പരിഹാരമുണ്ടാവുന്നത്.