ഗുണ്ടാ നേതാവ് പ്രതിയായ ലഹരി കേസ്; മഹസർ രേഖപ്പെടുത്തിയതിൽ വീഴ്ച വരുത്തിയ എസ്.ഐയെ സ്ഥലംമാറ്റും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് പ്രതിയായ ലഹരി കേസിൽ മഹസ്സർ രേഖപ്പെടുത്തിയതിൽ തിരുവല്ലം എസ്.ഐക്ക് ജാഗ്രതകുറവുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്. ഇത് പ്രകാരം എസ്.ഐ തോമസിനെ സ്ഥലം മാറ്റും. എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണവുമുണ്ടാകും. എന്നാൽ എസ്.ഐ ബോധപൂർവ്വം പ്രതിയെ സഹായിച്ചിട്ടില്ലെന്നാണ് ഡിസിപിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
ഷാഡോ പൊലീസ് പിടികൂടി തിരുവല്ലം പൊലീസിന് കൈമാറിയ തൊണ്ടി മുതൽ മഹസറിൽ ഉൾപ്പെടുത്താതെ മുക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഗുണ്ടാ നേതാവ് ഷാജഹാനെയും സംഘത്തെയും പിടികൂടുമ്പോൾ കിട്ടിയ 1.2 ഗ്രാം ഹാഷിഷ്, തിരുവല്ലം എസ് ഐ തയ്യാറാക്കിയ മഹസ്സറിൽ നിന്ന് ഒഴിവാക്കി. ഷാഡോ പൊലീസ് പിടിച്ചെടുത്ത ഹാഷിഷ് ഓയിൽ എസ്.ഐ മഹസ്സറിൽ ഉൾപ്പെടുത്തിയിരുന്നില്ല. എംഡിഎംഎയുടെ അളവിലും മാറ്റംവരുത്തി അട്ടിമറിക്കു ശ്രമിച്ചുവെന്നായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഇതേ തുടർന്ന് അന്വേഷണം നടത്തിയ ഡിസിപി നകുൽ ദേശ്മുഖം എസ്ഐക്ക് ജാഗ്രത കുറവുണ്ടായെന്ന് റിപ്പോർട്ട് നൽകി. പ്രതികളെ രക്ഷിക്കണെന്ന ബോധപൂർവ്വമായ ലക്ഷ്യമുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
0.66 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നത് മാറ്റി 0.06 ഗ്രാമായും പിടിച്ചെടുത്ത രണ്ട് കാറുകൾ ഒന്നുമായാണ് മഹസ്സറിൽ രേഖപ്പെടുത്തിയത്. സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിച്ചപ്പോൾ മറ്റൊരു മഹസ്സർ തയ്യാറാക്കി. മറ്റൊരു കാറും ഉൾപ്പെടുത്തി. എന്നാൽ പിടിച്ചെടുത്തതിലെ ചെറിയ പൊതി ശ്രദ്ധയിൽപ്പെട്ടില്ലെന്ന് എസ്.ഐയുടെ വിശദീകരണം. പിടിച്ചെടുത്ത എംഡിഎംഎയുടെ അളവ് മാറിയത് ക്ലറിക്കൽ പിഴവാണെന്നും അദ്ദേഹം വിശദീകരണം നൽകി. രാത്രി മഹസ്സർ എഴുതി തയ്യാറാക്കിയപ്പോഴുണ്ടായ പിഴവാണെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. അതേസമയം എസ്ഐക്കെതിരെ കടുത്ത നടപടിയുണ്ടാകാതിരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ഷാഡോ പൊലീസ് എയർ റൈഫിൾ ഉൾപ്പെടെ പ്രതികളെ പിടികൂടി തിരുവല്ലം പൊലീസിന് കൈമാറിയത്.