ഉത്സവ സീസണിൽ രഹസ്യമായി എത്തിക്കുമെന്ന് വിവരം; കായംകുളം റെയിൽവേ സ്റ്റേഷൻ റോഡിൽ 19 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

ഹരിപ്പാട്: എംഡിഎംഎ യുമായി രണ്ടു യുവാക്കൾ പിടിയിൽ. കരുവാറ്റ സ്വദേശികളായ സിന്ധുഭവനിൽ ഗുരുദാസ്(20), പുത്തൻപുരയിൽ ആദിത്യൻ(20) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്നും 19 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാന്റ് തുടങ്ങിയ പ്രധാനപ്പെട്ട പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
ഉത്സവ സീസൺ പ്രമാണിച്ച് വിൽപ്പനയ്ക്കായി ലഹരി വസ്തുക്കൾ കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ റോഡിൽ വാട്ടർ ടാങ്കിന് സമീപം വെച്ചാണ് പ്രതികൾ പിടിയിലായത്. ജില്ലാ പൊലീസ് മേധവി എം പി മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ബി പങ്കജാക്ഷന്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് എസ്എച്ച്ഓ മുഹമ്മദ് ഷാഫി, എസ്ഐ ഷൈജ, എ എസ്ഐ ജയചന്ദ്രൻ, എസ്സിപിഓ ശ്രിജിത്ത്, സിപിഓ ഷിഹാബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികുടിയത്. ഇവർ പല തവണ കേരളത്തിന് പുറത്തു നിന്നും ലഹരി വസ്തുക്കൾ നാട്ടിലെത്തിച്ച് കച്ചവടം നടത്തിവരികയായിരുന്നു. ആദ്യമായണ് ഇവർ പൊലീസ് പിടിയിലാകുന്നത്.