Uncategorized

200 ഇന്ത്യക്കാർ തുർക്കിയിലെ വിമാനത്താവളത്തിൽ കുടുങ്ങിയിട്ട് 40 മണിക്കൂർ, അനിശ്ചിതത്വം; വലഞ്ഞ് യാത്രക്കാർ

അങ്കാറ: 200 ഇന്ത്യക്കാർ ഉൾപ്പെടെ 250 യാത്രക്കാർ തുർക്കിയിലെ വിമാനത്താവളത്തിൽ കുടുങ്ങിയിട്ട് 40 മണിക്കൂർ. ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനം തുർക്കിയിൽ അടിയന്തര ലാൻഡിങ് നടത്തിയതോടെയാണ് യാത്ര അനിശ്ചിതത്വത്തിലായത്. ലാൻഡിങിനിടെ വിമാനത്തിന് സാങ്കേതിത തകരാർ സംഭവിച്ചതോടെ എപ്പോൾ യാത്ര പുനരാരംഭിക്കുമെന്നത് സംബന്ധിച്ച് വിമാന കമ്പനി അധികൃതരും വ്യക്തമായ മറുപടി നൽകുന്നില്ല.

വിഎസ്358 എന്ന വിർജിൻ അറ്റ്ലാന്‍റിക് വിമാനമാണ് മെഡിക്കൽ എമർജൻസി കാരണം തുർക്കിയിലെ ഡിയാർബക്കിർ വിമാനത്താവളത്തിൽ ഇറക്കിയത്. യാത്രക്കാരിൽ ഒരാൾക്ക് പാനിക് അറ്റാക്ക് വന്നതോടെയാണ് വിമാനം ഇറക്കിയത്. മതിയായ സൌകര്യങ്ങളില്ലാത്ത വിമാനത്താവളത്തിൽ ഇറക്കുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ആദ്യ പരിഗണനയെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും വിമാന കമ്പനി അറിയിച്ചു. സാങ്കേതിക അനുമതി ലഭിച്ചാൽ, ഇന്ന് ഉച്ചയോടെ യാത്ര പുനരാരംഭിക്കുമെന്നും വിമാന കമ്പനി അറിയിച്ചു. അനുമതി ലഭിച്ചില്ലെങ്കിൽ തുർക്കിയിലെ മറ്റൊരു വിമാനത്താവളത്തിലേക്ക് യാത്രക്കാരെ മാറ്റും. എന്നിട്ട് അവിടെ നിന്ന് വിമാനത്തിൽ മുംബൈയിൽ എത്തിക്കുമെന്നും വിമാന കമ്പനി അറിയിച്ചു.

ഇരുപതോളം മണിക്കൂറുകൾക്ക് ശേഷമാണ് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയത്. ഗർഭിണിയും പ്രായമായവരും കുട്ടികളും യാത്രാ സംഘത്തിലുണ്ട്. വിമാനത്താവളത്തിൽ 250 യാത്രക്കാർക്കായി ഒറ്റ ടോയ്‌ലറ്റ് മാത്രമേയുണ്ടായിരുന്നുള്ളൂവെന്ന് യാത്രക്കാർ പറഞ്ഞു. കടുത്ത തണുപ്പിനെ നേരിടാൻ പുതപ്പുകൾ നൽകിയില്ല. യാത്രക്കാർ സോഷ്യൽ മീഡിയയിലൂടെ ഉൾപ്പെടെ ദുരിതം വിശദീകരിച്ചതോടെയാണ് ഹോട്ടലിലേക്ക് മാറ്റിയത്. എത്രയും പെട്ടെന്ന് ഇടപെട്ട് യാത്ര പുനരാരംഭിക്കാനുള്ള സൌകര്യം ഒരുക്കണമെന്ന് യാത്രക്കാർ ഇന്ത്യൻ എംബസിയെ ഉൾപ്പെടെ ടാഗ് ചെയ്ത് അഭ്യർത്ഥിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് അങ്കാറയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button