Uncategorized

‘തെളിവുകളുണ്ടെങ്കിൽ പുറത്തു വിടട്ടെ, അപ്പോൾ ചർച്ച നടത്താം’; ലക്ഷ്യം പിണറായി എന്ന് വിലയിരുത്തി കേന്ദ്ര നേതൃത്വം

മധുര: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളെ പ്രതി ചേര്‍ത്ത സംഭവത്തില്‍ പാർട്ടിയിൽ തത്കാലം ചർച്ചയില്ലെന്ന് കേന്ദ്ര നേതൃത്വം. കമ്പനിയും വ്യക്തിയും കേസ് നടത്തും. തെളിവുകൾ ഉണ്ടെങ്കിൽ പുറത്തു വിടട്ടെ, അപ്പോൾ ചർച്ച നടത്താം എന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. കേന്ദ്ര ഏജൻസികൾ നടത്തുന്നത് രാഷ്ട്രീയപ്രേരിത അന്വേഷണങ്ങളാണെന്നും നേതൃത്വം വ്യക്തമാക്കുന്നു. പിണറായിയെ ലക്ഷ്യം വച്ചാണ് ഈ നീക്കമെന്നാണ് പ്രകാശ് കാരാട്ട് ആരോപിക്കുന്നത്. പിണറായിക്കെതിരായ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ പാര്‍ട്ടി നേരിട്ട് കേസ് നടത്തുമോ എന്നാണ് ചോദ്യം ഉയരുന്നത്. പാര്‍ട്ടി കോൺഗ്രസ് നടക്കുന്ന സമയത്ത് ഇത്തരമൊരു നീക്കമുണ്ടായത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

മാസപ്പടി കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മകളെ അറസ്റ്റ് ചെയ്യുമോ എന്നതടക്കം അന്വേഷണ ഏജൻസിയുടെ നിലപാടുകൾ നിര്‍ണായകമാണ്. വീണ അടക്കമുള്ളവർക്ക് ഉടൻ എസ്എഫ്ഐഒ സമൻസ് അയക്കും. അതേസമയം കുറ്റപത്രം റദ്ദാക്കാൻ വീണയടക്കമുള്ള പ്രതികൾ കോടതിയെ സമീപിക്കാനും സാധ്യതകളേറെയാണ്. മാസപ്പടി അടിവരയിട്ടാണ് പ്രോസിക്യൂഷൻ അനുമതി. ഇൻട്രിം സെറ്റിൽമെൻ്റ് ബോർഡ് ഉത്തരവും ആർഒസി കണ്ടെത്തലും കഴിഞ്ഞ് എസ്എഫ്ഐഒയും മുഖ്യമന്ത്രിയുടെ മകൾക്ക് കിട്ടിയത് ചെയ്യാത്ത സേവനത്തിനുള്ള പണമാണെന്ന് വ്യക്തമാക്കുന്നു. കമ്പനികാര്യ ചട്ടങ്ങളുടെ ഗുരുതര ലംഘനം കണ്ടെത്തിയതിന് പിന്നാലെ തന്നെ, എസ്എഫ്ഐഒയ്ക്ക് മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാൽ കരുതലോടെയായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണ റിപ്പോർട്ട് മന്ത്രാലയത്തിന് മുമ്പാകെ സമർപ്പിച്ച്, പ്രോസിക്യൂഷൻ അനുമതിക്കായി കാത്തിരുന്നു. തുടർനടപടികൾക്ക് തടസ്സമില്ലെന്ന ദില്ലി കോടതിയുടെ തീരുമാനം കൂടി വന്നതോടെ, പ്രോസിക്യൂഷൻ നടപടികൾ എസ്എഫ്ഐഒ വേഗത്തിലാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button