ഗോകുൽ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ്; ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

കോഴിക്കോട് ∙ കൽപറ്റ പൊലീസ് കസ്റ്റഡിയിൽ മരിച്ച ആദിവാസി യുവാവ് ഗോകുൽ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്ന വാദവുമായി പൊലീസ്. ഗോകുലിന്റെ കൈത്തണ്ടയിൽ മുൻപ് ഉണ്ടായിട്ടുള്ള 5 മുറിപ്പാടുകൾ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് ഉണ്ടാക്കിയ തരത്തിലുള്ള മുറിവുകളുടെ അടയാളങ്ങളാണിവയെന്നാണ് വിലയിരുത്തൽ. ഈ പാടുകൾ ഗോകുൽ മുൻപ് നടത്തിയ ആത്മഹത്യാ ശ്രമങ്ങളുടെ ബാക്കിപത്രമാണെന്ന് പൊലീസ് പറയുന്നു.
അതേസമയം ഗോകുലിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ തെളിവുകൾ ഇല്ലെന്നും കെട്ടിത്തൂങ്ങിയത് തന്നെയാണു മരണകാരണമെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഗോകുലിന്റെ മരണ സമയത്ത് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് സംഭവത്തിൽ വീഴ്ച ഉണ്ടായതായി ജില്ലാ പൊലീസ് മേധാവി ഉത്തരമേഖലാ ഡിഐജിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ശുചിമുറിയിലേക്ക് പോയ ഗോകുലിനെ കൃത്യമായി നിരീക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും വയസ്സു കൂട്ടിക്കാണിച്ചാണ് ഗോകുലിനെ കസ്റ്റഡിയിൽ എടുത്തതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും കേസ് എടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി സംഭവത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് കമ്മിഷൻ നിർദേശം നൽകിയിരിക്കുന്നത്.