എമ്പുരാന്റെ വ്യാജപതിപ്പ് പിടിച്ചെടുത്ത സ്ഥാപനം പൊലീസ് അടച്ചുപൂട്ടി

കണ്ണൂർ: എമ്പുരാൻ സിനിമയുടെ വ്യാജപതിപ്പ് പിടിച്ചെടുത്ത സ്ഥാപനം പൊലീസ് അടച്ചുപൂട്ടി. പാപ്പിനിശ്ശേരിയിലെ തംബുരു എന്ന സ്ഥാപനം വളപട്ടണം പൊലീസാണ് അടച്ചുപൂട്ടിയത്. സ്ഥാപനം നടത്തിപ്പുകാരായ വി കെ പ്രേമന്‍ (56), സി വി രേഖ (43) എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ഇരുവരെയും അറസ്റ്റ് ചെയ്യേണ്ടതില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി നോട്ടീസ് ലഭിച്ചാല്‍ കോടതിയില്‍ ഹാജരായാല്‍ മതിയാകുമെന്നും പൊലീസ് ഇൻസ്‌പെക്ടർ ടി കെ സുമേഷ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് സ്വകാര്യ ജനസേവന കേന്ദ്രമായ തംബുരു കമ്യൂണിക്കേഷനിൽ നിന്ന് പൊലീസ് വ്യാജപതിപ്പ് പിടിച്ചെടുത്തത്. റിലീസ് ദിനത്തിൽ തന്നെ ഇവർക്ക് സിനിമയുടെ വ്യാജപതിപ്പ് ലഭിച്ചിരുന്നതായും ടോറന്റ് ആപ്പ് ഉപയോഗിച്ചാണ് ഇവർ വ്യാജപതിപ്പ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതെന്നും പൊലീസ് കണ്ടെത്തി. വളപട്ടണം എസ്എച്ച്ഒ ബി കാർത്തിക്, ഇൻസ്പെക്ടർ ടി പി സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.