കൂലിയേ കുറവുള്ളൂ പണിക്ക് കുറവൊന്നുമില്ല,2 മാസമായി ശമ്പളവുമില്ല; സ്‌കൂള്‍പാചകത്തൊഴിലാളികള്‍ സമരത്തിലേക്ക്

കൊല്ലം:ആശമാരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരത്തിനു പിന്നാലെ സ്‌കൂള്‍ പാചകത്തൊഴിലാളികളും അതിജീവനത്തിനായി സെക്രട്ടേറിയറ്റിനു മുന്നിലേക്ക് സമരത്തിനെത്തുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ശമ്പളവും അവധിക്കാല ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് ഇടത് തൊഴിലാളിസംഘടന ഉള്‍പ്പെടെ സമരപാതയിലേക്ക് നീങ്ങുന്നത്.
തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ പാചകത്തൊഴിലാളി സംഘടന (എച്ച്എംഎസ്) നാല്, അഞ്ച് തീയതികളിലാണ് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്നത്. ഇടതു സംഘടനയായ സ്‌കൂള്‍ പാചകത്തൊഴിലാളി യൂണിയന്‍ (എഐടിയുസി) 22 മുതല്‍ 26 വരെ രാപകല്‍ സമരം നടത്തും. സ്‌കൂള്‍ പാചകത്തൊഴിലാളി കോണ്‍ഗ്രസും പ്രതിഷേധപരിപാടികളുമായി മുന്നോട്ടു പോകുകയാണ്.
പാചകത്തൊഴിലാളികളെ പാര്‍ട്ട് ടൈം-കണ്ടിന്‍ജന്‍സി ജീവനക്കാരായി പ്രഖ്യാപിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി തൊഴിലാളിസംഘടനകള്‍ ഉന്നയിക്കുന്നുണ്ട്. നിലവില്‍ 600 രൂപയാണ് ഒരു പാചകത്തൊഴിലാളിയുടെ ദിവസവേതനം. വര്‍ഷങ്ങള്‍ക്കുമുന്‍പ് കഞ്ഞിയും പയറും മാത്രമായിരുന്നു ഉച്ചഭക്ഷണമായി നല്‍കിയിരുന്നത്. ഇപ്പോള്‍ ചോറും ദിവസവും രണ്ടും മൂന്നും കറികളും പാലും മുട്ടയും ഏത്തപ്പഴവുമെല്ലാം കുട്ടികള്‍ക്ക് നല്‍കണം. ഇതെല്ലാം പാചകം ചെയ്യാന്‍ അതിരാവിലെതന്നെ തൊഴിലാളികള്‍ സ്‌കൂളുകളില്‍ എത്തണം. വൈകുന്നേരം മാത്രമേ ജോലി അവസാനിക്കൂ. കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ രണ്ടും മൂന്നും പേര്‍ ചേര്‍ന്ന് ഭക്ഷണമുണ്ടാക്കുകയും ദിവസവേതനമായ 600 രൂപ പങ്കിട്ടെടുക്കുകയുമാണ് ചെയ്യുന്നത്.
വേതനം കൃത്യമായി ലഭിക്കാത്തതും തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നു. 250 വിദ്യാര്‍ഥികള്‍ക്ക് ഒരു തൊഴിലാളിയെന്ന നിരക്കില്‍ പാചകത്തൊഴിലാളികളുടെ എണ്ണം പുനര്‍നിശ്ചയിക്കണമെന്നും കുറഞ്ഞ പ്രതിദിനവേതനം ആയിരം രൂപയെങ്കിലുമാക്കണമെന്നുമുള്ള തൊഴിലാളികളുടെ കാലങ്ങളായുള്ള ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. 2013-ല്‍ മിനിമം വേതനം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും പിന്നീട് അട്ടിമറിക്കപ്പെട്ടു.
മുന്‍പ് അധ്യയനവര്‍ഷാരംഭത്തിലാണ് തൊഴിലാളികള്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തിരുന്നത്. ഇപ്പോള്‍ വര്‍ഷത്തില്‍ രണ്ടുതവണ കാര്‍ഡ് എടുക്കണമെന്നാണ് നിര്‍ദേശം. മൂവായിരം രൂപയോളം ഇതിന് ചെലവാകുന്നുണ്ട്. ഏപ്രില്‍, മേയ് മാസങ്ങളില്‍ തൊഴിലാളികള്‍ക്ക് ജോലിയില്ല. ഇക്കാലയളവില്‍ രണ്ടായിരം രൂപ തൊഴിലാളികള്‍ക്ക് സമാശ്വാസധനമായി നല്‍കാറുണ്ട്. എന്നാലിത് ജൂണ്‍ ആകുമ്പോഴാണ് കിട്ടുന്നത്. ശമ്പളവും ആനുകൂല്യങ്ങളുമില്ലാതെ വരുംദിവസങ്ങളില്‍ എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമേന്ന ആശങ്കയിലാണ് ജീവനക്കാര്‍.