മാതാപിതാക്കൾ പച്ചയിറച്ചി നൽകി, പക്ഷിപ്പനി ബാധിച്ച് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

വിജയവാഡ: പച്ചയിറച്ചി കഴിച്ചതിനെ തുടർന്ന് പക്ഷിപ്പനി ബാധിച്ച് രണ്ട് വയസ്സുകാരി മരിച്ചു. ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ നരസറോപേട്ട് സ്വദേശിയായ കുട്ടിയാണ് പക്ഷിപ്പനി (H5N1) ബാധിച്ച് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ കോഴിയുടെ പച്ചയിറച്ചിക്കഷ്ണം കഴിക്കാൻ നൽകിയതിനെ തുടർന്നാണ് പക്ഷിപ്പനി ബാധിച്ചത്. 2021-ൽ ഹരിയാനയിൽ ഒരാൾ പക്ഷിപ്പനി ബാധിച്ച് മരിച്ചതിന് ശേഷമുള്ള രണ്ടാമത്തെ കേസാണിത്. മാർച്ച് 4-ന് പക്ഷിപ്പനി ലക്ഷണങ്ങളോടെ മംഗളഗിരിയിലെ എയിംസിൽ പ്രവേശിപ്പിച്ച പെൺകുട്ടി മാർച്ച് 16-ന് മരിച്ചു. ബുധനാഴ്ചയാണ് സ്രവ പരിശോധനാ ഫലങ്ങൾ ഉദ്യോഗസ്ഥർ വീണ്ടും സ്ഥിരീകരിച്ചതിനെത്തുടർന്ന് കേസ് പുറത്തറിഞ്ഞത്.
പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (NIV), ഗുണ്ടൂരിലെ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറി (VRDL) എന്നിവിടങ്ങളിലെ പരിശോധനയിൽ സാമ്പിളുകളിൽ H5N1 സാന്നിധ്യം കണ്ടെത്തി. സംഭവത്തെ തുടർന്ന് സംസ്ഥാന സർക്കാർ അതീവ ജാഗ്രത പ്രഖ്യാപിച്ചു. എല്ലാ ജില്ലാ മെഡിക്കൽ, ഹെൽത്ത് ഓഫീസർമാരോടും പിന്നാക്ക പ്രദേശങ്ങളിൽ പനി പരിശോധന നടത്താൻ നിർദ്ദേശിച്ചു.