Uncategorized

വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കി

റിയാദ്: ഈദുൽ ഫിത്ർ ദിനമായിരുന്ന ഞായറാഴ്ച രാവിലെ സൗദിയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മരിച്ച മൂന്നു പേരുടെയും മൃതദേഹങ്ങൾ ഖബറടക്കി. കോഴിക്കോട്​ കാപ്പാട്​ മാക്കാംകുളങ്ങര ശരീഫ് ഫാസിൽ വീട്ടിലെ ശിഹാബ് കാപ്പാട്, കണ്ണൂർ മമ്പറം സ്വദേശി മിസ്അബ് കൂത്തുപറമ്പ് എന്നിവരും​ കുടുംബാംഗങ്ങ​ളുമാണ്​ ഒമാൻ-സൗദി അതിർത്തിയായ ബത്​ഹയില്‍ അപകടത്തില്‍ പെട്ടത്.

അപകടത്തിൽ മരിച്ച ശിഹാബിന്റെ ഭാര്യ സഹ്​ല (30), മകള്‍ ആലിയ (7), മിസ്അബിന്റെ മകന്‍ ദഖ്​വാന്‍ (6) എന്നിവരുടെ മൃതദേഹങ്ങളാണ് അൽ-അഹ്സയിൽ വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്ന് (ചൊവ്വാഴ്ച) ദുഹ്ർ നമസ്കാരശേഷം നടന്ന മയ്യിത്ത് നമസ്കാരശേഷം ബറടക്കിയത്. പെരുന്നാൾ ദിനത്തിൽ കുടുംബത്തോടൊപ്പം പ്രവാസികളെയും ഏറെ നടുക്കിയ ദാരുണമായ അപകടമായിരുന്നു ഇത്. കേരളത്തിലെ എസ്. എസ്.എഫി ന്റെ പോഷക സംഘടനയായ ഒമാനിലെ ആർ.എസ്.സി യുടെ നാഷനൽ സെക്രട്ടറിമാരായ കണ്ണൂർ മമ്പറം സ്വദേശി മിസ്അബിന്റെയും കോഴിക്കോട് കാപ്പാട് സ്വദേശി ശിഹാബിന്റെയും കുടുംബങ്ങൾ ഒമാനിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ടതായിരുന്നു.വാഹനമോടിക്കുന്നതിനിടെ ഉറക്കം വന്നതോടെ ഇവർ സഞ്ചരിച്ച കാർ ഒമാൻ അതിർത്തി കഴിഞ്ഞുള്ള സൗദി പ്രദേശത്ത് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.

സഹ്ലയുടെ മൃതദേഹം അൽ അഹ്സയിലെ ആശുപത്രിയിലായിരുന്നു. മരിച്ച രണ്ട് കുട്ടികളുടെ മൃതദേഹം സൗദി ഒമാൻ അതിർത്തിയിലെ ആശുപത്രിയിലായിരുന്നു. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ ഖബറടക്കം ചെയ്യാൻ അൽ അഹ്സയിലെത്തിക്കുകയായിരുന്നു. മിസ്അബിന്റെ ഭാര്യ ഹഫീനയും മറ്റു മക്കളും സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫ് കിങ്​ ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനത്തിന്റെ മുൻസീറ്റിലുണ്ടായിരുന്ന മിസ്​അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്​ച വൈകീട്ട്​ നോമ്പ്​ തുറന്നശേഷം മസ്​ക്കറ്റിൽനിന്ന്​ പുറപ്പെട്ട കുടുംബങ്ങൾ വഴിമധ്യേ ഇബ്രി എന്ന സ്ഥലത്ത്​ തങ്ങി വിശ്രമിച്ചു. ശനിയാഴ്​ച വൈകീട്ട്​ നോമ്പ്​ തുറന്നശേഷം സൗദിയിലേക്ക്​ യാത്ര തുടർന്നു. ബത്​ഹ അതിർത്തി യിലെത്തിയ ഞായറാഴ്​ച രാവിലെ 8.30 ഓടെയാണ് അപകടമുണ്ടാവുന്നത്​. ഐ.സി.എഫിന്റെ അൽ അഹ്സ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ശരീഫ് സഖാഫി, അബൂ താഹിർ കുണ്ടൂർ മറ്റു സാമൂഹ്യ സന്നദ്ധ പ്രവർത്തകർ തുടങ്ങിവരുടെ നേതൃത്വത്തിലാണ് ഖബറടക്കവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button