പാചകക്കാരന് ഒരു കോടി, സെക്രട്ടറിക്ക് 10 ലക്ഷം; വിൽപത്രത്തിൽ രത്തൻ ടാറ്റ നീക്കിവെച്ചത്

രത്തൻ ടാറ്റ തന്‍റെ വിൽപത്രത്തിൽ വീട്ടുജോലിക്കാർക്കായി മൂന്ന് കോടിയിലധികം രൂപ നീക്കിവെച്ചതായി റിപ്പോർട്ടുകൾ. 2024 ഒക്ടോബറിൽ മരിച്ച രത്തൻ ടാറ്റ, ഏഴ് വർഷമോ അതിൽ കൂടുതലോ തന്നോടൊപ്പം ഉണ്ടായിരുന്ന വീട്ടുജോലിക്കാർക്ക് തന്‍റെ എസ്റ്റേറ്റിൽ നിന്ന് 15 ലക്ഷം രൂപ വിതരണം ചെയ്യാനാണ് തന്‍റെ വിൽപത്രത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഓരോ ജീവനക്കാരുടെയും സേവന വർഷങ്ങളുടെ അനുപാതത്തിലാണ് തുക വിതരണം ചെയ്യുക. പാർട്ട് ടൈം സഹായികൾക്കും കാർ ക്ലീനർമാർക്കും ഒരു ലക്ഷം രൂപ വിതരണം ചെയ്യണമെന്നും അദ്ദേഹത്തിന്‍റെ വിൽപത്രത്തിൽ വ്യവസ്ഥ ചെയ്യുന്നു.
തന്‍റെ 3,800 കോടി രൂപ വിലമതിക്കുന്ന എസ്റ്റേറ്റിന്‍റെ ഭൂരിഭാഗവും രത്തൻ ടാറ്റ എൻഡോവ്‌മെന്‍റ് ഫൗണ്ടേഷനും രത്തൻ ടാറ്റ എൻഡോവ്‌മെന്‍റ് ട്രസ്റ്റിനുമാണ് നൽകിയിരുന്നത്. എങ്കിലും ദീർഘകാലം തന്‍റെ കൂടെ ജോലി ചെയ്ത ജീവനക്കാർക്ക് വിൽപത്രത്തിൽ അദ്ദേഹം പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.
രത്തൻ ടാറ്റ തന്‍റെ ദീർഘകാല പാചകക്കാരനായ രാജൻ ഷായ്ക്ക് ഒരു കോടി രൂപയിലധികം വിൽപത്രത്തിൽ നീക്കിവെച്ചിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതിൽ 51 ലക്ഷം രൂപയുടെ വായ്പ എഴുതിത്തള്ളലും ഉൾപ്പെടുന്നു. രത്തൻ ടാറ്റയുടെ ബട്ട്ലർ സുബ്ബയ്യ കോനാറിന് 66 ലക്ഷം രൂപ ലഭിക്കും, അതിൽ 36 ലക്ഷം രൂപയുടെ വായ്പ എഴുതിത്തള്ളലും ഉൾപ്പെടുന്നു, അതേസമയം അദ്ദേഹത്തിന്‍റെ സെക്രട്ടറി ഡെൽനാസ് ഗിൽഡറിന് 10 ലക്ഷം രൂപയാകും ലഭിക്കുക.
തന്‍റെ വസ്ത്രങ്ങൾ ദരിദ്രർക്കിടയിൽ വിതരണം ചെയ്യുന്നതിനായി എൻജിഒകൾക്ക് ദാനം ചെയ്യണമെന്ന് രത്തൻ ടാറ്റ നിർദ്ദേശിച്ചിട്ടുണ്ട്. ബ്രൂക്സ് ബ്രദർ ഷർട്ടുകൾ, ഹെർമിസ് ടൈകൾ, പോളോ, ഡാക്സ്, ബ്രിയോണി സ്യൂട്ടുകൾ തുടങ്ങിയ ബ്രാൻഡുകളാണ് അദ്ദേഹം ധരിച്ചിരുന്നത്. തന്‍റെ എക്സിക്യൂട്ടീവ് അസിസ്റ്റന്‍റ് ശാന്തനു നായിഡുവിന് കോർണൽ യൂണിവേഴ്സിറ്റിയിൽ എംബിഎയ്ക്ക് വേണ്ടി എടുത്തിരുന്ന ഒരു കോടി രൂപയുടെ വായ്പയും അദ്ദേഹം എഴുതിത്തള്ളി. ഡ്രൈവർ രാജു ലിയോണിന്‍റെ 18 ലക്ഷം രൂപയുടെ വായ്പ ഉൾപ്പെടെയുള്ള മറ്റ് വായ്പകളും അദ്ദേഹം എഴുതിത്തള്ളി.