Uncategorized
കഞ്ചാവ് കണ്ടെത്തിയത് തമിഴ്നാട് സ്വദേശിയുടെ മുറിയിൽ; പരിശോധന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ; എക്സൈസ് ഇൻസ്പെക്ടർ ഹരികൃഷ്ണൻ

തിരുവനന്തപുരം പാളയത്തെ യൂണിവേഴ്സിറ്റി ബോയ്സ് ഹോസ്റ്റലിലെ പരിശോധന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നുവെന്ന് തിരുവനന്തപുരം റെയിഞ്ച് മണ്ണന്തല എക്സൈസ് ഇൻസ്പെക്ടർ ഹരികൃഷ്ണൻ ട്വന്റി ഫോറിനോട് പറഞ്ഞു. ഹോസ്റ്റലിൽ എംഡിഎംഎയും കഞ്ചാവും ഉണ്ടെന്ന് ഇന്ന് രാവിലെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. പരിശോധനയിൽ എംഡിഎംഎ കണ്ടെത്തിയിട്ടില്ല. 455 എന്ന മുറിയിലെ പുസ്തകങ്ങൾ വെക്കുന്ന ഷെൽഫിൽ നിന്ന് പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പരിശോധനയ്‌ക്കെത്തുമ്പോൾ മുറിയുടെ വാതിൽ തുറന്നുകിടക്കുകയായിരുന്നുവെന്നും തമിഴ്നാട് സ്വദേശിയായ വിദ്യാർഥിയുടെ മുറിയാണിതെന്നും എക്സൈസ് ഇൻസ്പെക്ടർ ഹരികൃഷ്ണൻ വ്യക്തമാക്കി.