അതിദാരുണം; വീടിന് മുന്നിൽ കളിക്കുകയായിരുന്ന 2 വയസുകാരി 15 വയസുകാരന്‍ ഓടിച്ച കാര്‍ കയറിയിറങ്ങി മരിച്ചു

ദില്ലി: ദില്ലിയില്‍ ഈദ് ആഘോഷത്തിനിടയില്‍ കുടുംബത്തിന്റെ സന്തോഷം തല്ലിക്കെടുത്തി രണ്ട് വയസുകാരിയുടെ മരണം. 15കാരന്‍ ഓടിച്ച കാർ കയറിയിറങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. വീടിനു പുറത്ത് നിന്ന് കളിക്കുകയായിരുന്നു അനാബിയെന്ന രണ്ട് വയസുകാരിയാണ് 15കാരന്‍ ഹൂണ്ടായ് വെന്യു കാര്‍ ഓടിച്ച കാർ ഇടിച്ച് മരിച്ചത്. ദില്ലിയിലെ പഹാർഗഞ്ചിലാണ് ദാരുണമായ അപകടം സഭവിച്ചത്.
ഞായറാഴ്ചയാണ് അപകടം നടന്നത്. പഹാർഗഞ്ചിലെ തന്റെ വീടിന് പുറത്തുള്ള ഇടവഴിയിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയുടെ മേൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഓടിച്ച ഹ്യൂണ്ടായ് കാർ കയറി ഇറങ്ങുകയായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അനാബിയ മറ്റ് കുട്ടികൾക്കൊപ്പം കാർ വരുന്നതും തൊട്ടപ്പുറത്ത് നിർത്തുന്നതായും വീഡിയോയിൽ കാണാം. പെട്ടന്ന് കാർ മുന്നോട്ട് വന്ന് കുട്ടിയുടെ ശരീരത്തിൽ കയറി ഇറങ്ങുകയായിരുന്നു.
സംഭവം കണ്ടു നിന്നവർ ഓടിയെത്തി കാർ തള്ളിമാറ്റി കുട്ടിയെ പുറത്തെടുത്തുയ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അനാബിയയുടെ അയൽവാസിയുടേതാണ് കാറെന്ന് പൊലീസ് കണ്ടെത്തി. അപകടം നടക്കുമ്പോൾ വാഹനമോടിച്ചത് 15 വയസുകാരനായ മകനാണെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് കണ്ടെത്തി. സംഭവത്തിൽ കാറുടമയ്ക്കും മകനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൗമാരക്കാരന്റെ പിതാവ് പങ്കജ് അഗർവാളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.