ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും, തീരമേഖലയിൽ എംഡിഎംഎ വിൽപ്പന; വിഴിഞ്ഞത്ത് 2 യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: തീരമേഖലയിൽ കോളെജ് വിദ്യാർഥികൾക്കും മത്സ്യത്തൊഴിലാളികൾക്കുമടക്കം മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന രണ്ടുപേർ അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശികളായ ജൂഡ് ഗോഡ്ഫ്രി (32), സൂസടിമ (31) എന്നിവരെയാണ് പുല്ലുവിളയിൽനിന്നും തിരുവനന്തപുരം റൂറൽ നർക്കോട്ടിക്‌സെൽ പിടികൂടിയത്. ഇവരിൽനിന്ന് 12 ഗ്രാം എംഡിഎംഎ പിടികൂടി. തീരദേശത്ത് വിൽപ്പന നടത്താൻ ഇവർ ബെംഗളൂരുവിൽനിന്നാണ് എംഡിഎംഎ കേരളത്തിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം റൂറൽ നർക്കോട്ടിക്‌സെൽ ഡിവൈഎസ്‌പി പ്രദീപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി എത്തിയ സംഘത്തെ പിടികൂടിയത്. ഇവരെ തുടർനടപടിക്കായി കാഞ്ഞിരംകുളം പൊലീസിനു കൈമാറി. തുടർനടപടികൾ പൂർത്തിയാക്കി ഇന്ന് കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസവും തിരുവനന്തപുരത്ത് ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു. സിനിമയിൽ അസിസ്റ്റന്‍റ് ഡയറക്ടറും വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന ജസീം (35) എന്നയാളാണ് 2.08 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. ഷാഡോ പൊലീസും കരമന പൊലീസും ചേർന്നാണ് ജസീമിനെ പൊക്കിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലെത്തിയ പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.