Uncategorized

സിപിഐഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ മധുരയില്‍ തുടക്കം; 80 നിരീക്ഷകരടക്കം 811 പ്രതിനിധികള്‍ പങ്കെടുക്കും

സിപിഐഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ തമിഴ്‌നാട്ടിലെ മധുരയില്‍ തുടക്കം. തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറില്‍ ഈ മാസം ആറ് വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. എണ്‍പത് നിരീക്ഷകരടക്കം 811 പ്രതിനിധികള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും.

പാര്‍ട്ടിക്ക് ഭരണതുടര്‍ച്ച കിട്ടിയ കേരളത്തിന് തൊട്ടരികിലാണെങ്കിലും തമിഴ്നാട്ടില്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയ സ്വാധീനം നന്നേ കുറവാണ്. പാര്‍ട്ടി എംപിയും അല്‍പം സംഘടാനാ ശക്തിയും ഉള്ള മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുമ്പോള്‍ സിപിഐഎം സംഘടനാപരമായി ലക്ഷ്യമിടുന്നത് തമിഴ്നാട്ടില്‍ പാര്‍ട്ടി കരുത്ത് അര്‍ജിക്കുക എന്നതാണ്. 2008 ഏപ്രിലില്‍ നടന്ന കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം ഇപ്പോഴാണ് തമിഴ്‌നാട്ടില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. സ്റ്റാലിനുമായുള്ള രാഷ്ട്രീയം ഐക്യവും സമ്മേളന ആവേശവും എല്ലാം ഉപയോഗിച്ച് പാര്‍ട്ടി ശക്തി പെടുത്താന്‍ തമിഴ്‌നാട് ഘടകവും ലക്ഷ്യമിടുകയാണ്.

സമ്മേളനം മികച്ചതാക്കി രാഷ്ട്രീയം നേട്ടം കൊയ്യാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. രാഷ്ട്രീയ നയരേഖ അംഗീകരിക്കല്‍, സംഘടനാ റിപ്പോര്‍ട്ട് ചര്‍ച്ച, റിവ്യൂ റിപ്പോര്‍ട്ട് ചര്‍ച്ച എന്നിവ സമ്മേളനത്തിലെ അജണ്ടയാണ്. എന്നാല്‍ പാര്‍ട്ടിയെ ഇനി ആരു നയിക്കും എന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങുമ്പോഴുള്ള പ്രധാന ചര്‍ച്ച. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് പി ബി കോഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന പ്രകാശ് കാരാട്ട് വീണ്ടും ജനറല്‍ സെക്രട്ടറി ആകുമോ എന്നത് പ്രധാന വിഷയം ആണ്. കേരള മുഖ്യമന്ത്രി പിണറായി വിജയന് അനുവദിച്ച പ്രായ പരിധി ഇളവ് പ്രകാശ് കാരാട്ടിന് ഉണ്ടാകുമോ എന്നത് നിര്‍ണ്ണായകം. ബൃന്ദ കാരാട്ട്, സുഭാഷിണി അലി തുടങ്ങിയവരും പി ബിയില്‍ തുടരുമോ എന്നതും പ്രധാനമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button