‘അടൂർ നഗരസഭ അധ്യക്ഷക്ക് ലഹരി മാഫിയ ബന്ധം’; നേതൃത്വം വടിയെടുത്തു, ആരോപണം പരസ്യമായി പിൻവലിച്ച് സിപിഎം കൗൺസിലർ

പത്തനംതിട്ട: അടൂർ നഗരസഭാ അധ്യക്ഷ ലഹരി മാഫിയ്ക്ക് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം പരസ്യമായി പിൻവലിച്ച് സിപിഎം കൗൺസിലർ. പാർട്ടി നേതൃത്വം വടിയെടുത്തതോടെയാണ് സ്വന്തം നഗരസഭ അധ്യക്ഷയ്ക്കെതിരായ ആരോപണം സിപിഎം കൗൺസിലർ റോണി പാണംതുണ്ടിൽ പിൻവലിച്ചത്. സിപിഎം വാട്സ്അപ് ഗ്രൂപ്പിൽ നിന്ന് പുറത്തുവന്ന റോണിയുടെ ശബ്ദരേഖ ഏറെ വിവാദമായിരുന്നു.
ലോക്കൽ കമ്മിറ്റി അംഗം കൂടിയായ സിപിഎം കൗൺസിലർ റോണി പാണംതുണ്ടിൽ പാർട്ടിയുടെ തന്നെ നഗരസഭ അധ്യക്ഷയ്ക്കെതിരെ ഉന്നയിച്ചത് ഗുരുതര ആരോപണമായിരുന്നു. സിപിഎം കൗൺസിലർമാരുടെ വാട്സ്അപ് ഗ്രൂപ്പിൽ നിന്നാണ് ശബ്ദരേഖ പുറത്തുവന്നത്. ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് റോണി അടുത്ത ദിവസം വ്യക്തമാക്കിയതുമാണ്. എന്നാൽ രണ്ടാഴ്ചയ്ക്കിപ്പുറം പറഞ്ഞതെല്ലാം അപ്പാടെ വിഴുങ്ങുകയാണ് റോണി. അടൂർ നഗരത്തിൽ ലഹരി വ്യാപനമുള്ള മേഘലകളിൽ വഴി വിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് നടക്കാത്തിലുള്ള വിഷമത്തിൽ വൈകാരികമായി പ്രതികരിച്ചതെന്ന വിചത്രമായ വിശദീകരണമാണ് റോണിപാണംതുണ്ടിൽ നൽകുന്നത്.