വീണ്ടും പലിശ കുറയ്ക്കുമോ ആര്‍ബിഐ; വായ്പയെടുത്തവര്‍ക്ക് ലാഭം ലക്ഷങ്ങള്‍

ഏപ്രില്‍ നടക്കുന്ന അവലോകന യോഗത്തിലും റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമോ..? പ്രതീക്ഷയോടെയാണ് രാജ്യത്തെ ഭവന നിര്‍മ്മാണ മേഖല റിസര്‍വ് ബാങ്കിന്‍റെ അടുത്ത അവലോകനയോഗത്തെ നോക്കിക്കാണുന്നത്.. ഫെബ്രുവരിയില്‍ നടന്ന വായ്പാനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിരുന്നു. നിലവില്‍ പണപ്പെരുപ്പ നിരക്ക് താഴ്ന്ന സാഹചര്യത്തില്‍ ഏപ്രിലില്‍ നടക്കുന്ന അവലോകനയോഗത്തില്‍ 50 ബേസിസ് പോയിന്‍റ് കുറവ് റിപ്പോ നിരക്കില്‍ വരുത്തിയാല്‍ പലിശ നിരക്കിലെ ആകെ കുറവ് 75 ബേസിസ് പോയിന്‍റ് ആയി മാറും. അങ്ങനെയെങ്കില്‍ ഭവന വായ്പ പലിശ നിരക്കില്‍ വലിയ കുറവ് ഉണ്ടാകും. ഇത് രാജ്യത്തെ ഭവന നിര്‍മ്മാണ മേഖലയ്ക്ക് വളരെയധികം ഗുണം ചെയ്യും എന്നാണ് വിലയിരുത്തല്‍. പലിശ നിരക്ക് കുറയ്ക്കുകയാണെങ്കില്‍ മെട്രോ നഗരങ്ങളിലും ടയര്‍ – 2 നഗരങ്ങളിലും വീടുകളുടെ ഡിമാന്‍ഡ് ഉയരും എന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.
ഭവന വായ്പാ പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് വായ്പയുടെ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കുക മാത്രമല്ല കൂടുതല്‍ പേര്‍ വായ്പ എടുക്കുന്നതിനുള്ള അവസരം ഒരുക്കുക കൂടിയാണ് ചെയ്യുന്നത്. പുതിയതായി വീടുകള്‍ വാങ്ങുന്നവര്‍ക്കും വീടുകള്‍ പുതുക്കി നിര്‍മ്മിക്കുന്നവര്‍ക്കും പലിശ നിരക്കിലെ കുറവ് ഗുണം ചെയ്യും. പതിനൊന്ന് അവലോകനയോഗങ്ങളില്‍ തുടര്‍ച്ചയായി പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയശേഷംഫെബ്രുവരിയിലെ അവലോകന യോഗത്തിലാണ് റിസര്‍വ്ബാങ്ക് കാല്‍ ശതമാനം കുറവ് വരുത്തിയത്. ഏപ്രില്‍ 7 മുതല്‍ 9 വരെയാണ് അടുത്ത അവലോകന യോഗം.
പലിശ കുറച്ചാല്‍ ലാഭം എത്ര?
ഒരാള്‍ 20 വര്‍ഷത്തെ കാലാവധിയില്‍ 9% പലിശ നിരക്കില്‍ 75 ലക്ഷം രൂപയുടെ ഭവനവായ്പ എടുക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, അവരുടെ നിലവിലെ ഇഎംഐ ഏകദേശം 67,493 രൂപയായിരിക്കും. പലിശ നിരക്ക് 0.75% (9% ല്‍ നിന്ന് 8.25% ആയി) കുറഞ്ഞാല്‍, ഇഎംഐ ഏകദേശം 63,901 രൂപയായി കുറയും. ഇത് പ്രതിമാസം ഏകദേശം 3,592 രൂപ ലാഭിക്കാനും വായ്പാ കാലയളവില്‍ ഏകദേശം 8.62 ലക്ഷം രൂപ ലാഭിക്കാനും സഹായിക്കും