ഇന്ധനം മാറ്റാനും സൂക്ഷിക്കാനും ഹൈടെക് സംവിധാനം, ഗോഡൗൺ പരിശോധിച്ച പൊലീസ് ഞെട്ടി, 16000 ലിറ്റർ ഡീസൽ പിടികൂടി

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ച 16000 ലിറ്റർ ഡീസൽ പൊലീസ് പിടികൂടി. ഇന്ധനം മാറ്റാനുള്ള അത്യാധുനിക പമ്പിങ് യൂണിറ്റുകളും പിടിച്ചെടുത്തു. ജനവാസ മേഖലയിലാണ് യാതൊരു സുരക്ഷയും കൂടാതെ ഇന്ധനം സൂക്ഷിച്ചിരുന്നത്.വയനാട് മേപ്പാടി സ്വദേശി അബ്ദുൽ ലത്തീഫ് എന്നയാൾ വാടകക്കെടുത്ത കെട്ടിടത്തിലാണ് അനധികൃതമായി ഇന്ധനം സൂക്ഷിച്ചത്. തേഞ്ഞിപ്പലം കൊയപ്പാടം പെരിഞ്ചീരിമാട് സലാം ഹാജിയുടെ ഉടമസ്ഥതയിലാണ് കെട്ടിടം.
ഇയാളുടെ വീടിനോട് ചേർന്നാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. ഈ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ അനുമതിയുമുണ്ടായിരുന്നില്ല. ഭാരത് പെട്രോളിയം മലപ്പുറം ജില്ലാ സീനിയർ മാനേജർ സി.എച്ച് നാഗരാജു സ്ഥലത്തെത്തി സാമ്പിളുകൾ പരിശോധനക്കെടുത്തു. കഴിഞ്ഞ ദിവസം കോഴിക്കോട് ഫറൂഖിൽ വ്യാജ സ്റ്റിക്കർ പതിച്ച് ഇന്ധനം കടത്താൻ ശ്രമിച്ച ടാങ്കർ ലോറിയും ഇന്ധനവും പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഗോഡൗണിൽ പരിശോധന നടന്നത്.