Uncategorized

കേരളത്തിന്‍റെ സ്വന്തം ‘കുംങ്കി’യാനകൾ; മുത്തങ്ങ ആന പരിശീലനകേന്ദ്രത്തെ കുറിച്ചുള്ള ഡോക്യമെന്‍ററി ശ്രദ്ധ നേടുന്നു

വന്യമൃഗ സംഘർഷങ്ങളുടെ കാലത്ത്, മനുഷ്യനും വന്യമഗങ്ങൾക്കുമിടയില്‍ പ്രതിരോധത്തിന്‍റെ മതില്‍ തീര്‍ക്കുന്ന കുംങ്കിയാനകളെ കുറിച്ചുള്ള ഡോക്യുമെന്‍ററി ശ്രദ്ധനേടുന്നു. ചരിത്രപരമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സിന്ധു നദീതട കാലം മുതല്‍ തന്നെ ആനകളെ മെരുക്കി വളര്‍ത്തിയിരുന്നു. ആ പുരാതന ചരിത്രം മുതല്‍ കേരളത്തിലെ ഏക ആന പരിശീലന കേന്ദ്രമായ മുത്തങ്ങയിലെ ആന പരിശീലന കേന്ദ്രത്തിലെ പരിശീലനം വരെയുള്ള കാര്യങ്ങൾ വരെ വിശദമായി പ്രതിപാദിക്കുന്ന കേരള വനം വകുപ്പ് നിർമ്മിച്ച ഡോക്യുമെന്‍ററി ‘കുംങ്കി’ ശ്രദ്ധ നേടുന്നു.

കേരളത്തില്‍ ഇന്ന് വര്‍ദ്ധിച്ച് വരുന്ന കാട്ടന സംഘര്‍ഷത്തിന്‍റെ വാര്‍ത്താ ക്ലിപ്പിലൂടെ ആരംഭിക്കുന്ന ഡോക്യുമെന്‍റിറി അകാലത്തിൽ മരിച്ച് പോയ വനംവകുപ്പ് ഉദ്യോഗസ്ഥനായ ഹുസൈൻ ടി കെയ്ക്കുള്ള ശ്രദ്ധാഞ്ജലിയായി സമര്‍പ്പിക്കുന്നു. ഒരു കാലത്ത് ഭൂമിയില്‍ ആറ് ജനുസുകളിലായി 26 ഇനം ആനകളുണ്ടായിരുന്നുവെന്നും അവയെ മനുഷ്യന്‍ വേട്ടയാടി ഇല്ലാത്താക്കിയതെങ്ങനെയെന്നും വ്യക്തമാക്കുന്നു. സിന്ധു നദീതട സംസ്കാരം, ആനകളെ പരിശീലിപ്പിച്ചതിനെ കുറിച്ചും ചന്ദ്രഗുപ്ത മൌര്യന്‍റെ സൈന്യത്തിലെ ആനപ്പടയെ കുറിച്ചും വിവരിക്കുന്ന ഡോക്യുമെന്‍ററി ആനകളുടെ അറിയാ ചരിത്രം വെളിപ്പെടുത്തുന്നു.

പിന്നാലെ, കേരളത്തിലെ ആന പിടിത്തം നിരോധിച്ച രണ്ട് ഉത്തരവുകൾ 1972 ലെ വന്യജീവി സംരക്ഷണ നിയമവും 1985 ല്‍ ആനകളെ പിടികൂടുന്നതിനുള്ള വിലക്കിനെ കുറിച്ചും ഡോക്യുമെന്‍റിറി പ്രതിപാദിക്കുന്നു. ഒരോകാലത്ത് കേരളം കുംങ്കികൾക്ക് വേണ്ടി കർണ്ണാടകയെയും തമിഴ്നാടിനെയും ആശ്രയിച്ചിരുന്നിടത്ത് നിന്നും ഇന്ന് 12 ഓളം കുംങ്കികളെ പരിശീലിപ്പിക്കുന്ന നിലയിലേക്ക് മുത്തങ്ങ ആന പരിശീലന കേന്ദ്രം വളര്‍ന്നതെങ്ങനെ എന്ന് വിവരിക്കുന്നു.

കേരളവനം വകുപ്പിന്‍റെ കീഴില്‍ നാല് ആനക്യാമ്പുകളാണ് ഉള്ളത്. വയനാട് വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായ മുത്തങ്ങ ആന ക്യാമ്പ്, 1850 ല്‍ ബ്രിട്ടീഷുകാര്‍ ആരംഭിച്ച ഈ ആന ക്യാമ്പില്‍ ഖെട്ട, വാരിക്കുഴി രീതിയില്‍ പിടികൂടുന്ന കാട്ടാനകളെ മെരുക്കിയെടുക്കാനായി ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു. നിലവില്‍ കേരളത്തിലെ ഏക ആന പരിശീലന കേന്ദ്രമാണ് മുത്തങ്ങ ആനക്യാമ്പ്. രാവിലെ രാവിലെ ആറ് മുപ്പതോടെ ആനപ്പാപ്പാന്മാര്‍ ആനകളുടെ സമീപം എത്തുന്നതോടെ മുത്തങ്ങ ആന ക്യാമ്പ് ഉണരുന്ന ആന ക്യാമ്പ് വൈകീട്ട് ആനകളെ തറയിലേക്ക് എത്തിക്കുന്നത് വരെ സജീവം. ഇവിടെ ആനകളുടെ മുന്‍പിന്‍ കാലുകളില്‍ ചങ്ങലകളിടുന്ന പതിവ് ഇവിടെയില്ല. മറിച്ച് അവയെ ഒറ്റച്ചങ്ങലയിലാണ് ബന്ധിപ്പിച്ചിരിക്കുക.

നാട്ടിലിറങ്ങുന്ന കാട്ടാനകളെ പിടിക്കുന്നതിനും അങ്ങനെ പിടിച്ചവയെ ഏങ്ങനെ ലോറിയിലേക്കും ലോറിയില്‍ നിന്ന് ആനക്കൂട്ടിലേക്കും സംഘര്‍ഷമില്ലാതെ എത്തിക്കാമെന്നും പഠിപ്പിക്കുന്നു. രാവിലെയും വൈകീട്ടും ഒരോ മണിക്കൂറാണ് പരിശീലനം. അതിനിടെയിലുള്ള ഇടവേളയില്‍ ആനകളെ സമീപത്തെ കാട്ടില്‍ മേയാന്‍ വിടുന്നു. തിനിടെ എല്ലാ ദിവസവും മെഡിക്കല്‍ പരിശോധനയുണ്ടായിരിക്കും കൂടാതെ ഒരോ ആഴ്ചയിലും വിശദമായ പരിശോധനയും ഓരോ മൂന്ന് മാസം കൂടുമ്പോൾ ഫുൾ ബോഡി ചെക്കപ്പും ഉണ്ടായിരിക്കും.

ഇത്തരം പരിശോധനകളിലൂടെയാണ് ആനകയ്ക്ക് ആവശ്യമായ ഭക്ഷണ ക്രമവും മറ്റ് ആരോഗ്യ പരിരക്ഷകളും തീരുമാനിക്കപ്പെടുക. മതപാടുള്ള ആനകളെ കാട്ടരുവിയില്‍ ഒറ്റ ചങ്ങലയ്ക്ക് ബന്ധിച്ചാണ് നിര്‍ത്തുന്നത്. ആനകളും പാപ്പാന്മാരും തമ്മില്‍ പ്രത്യേക ആത്മബന്ധം സൃഷ്ടിക്കാന്‍ ഇവിടുത്തെ പരിശീലനത്തിലൂടെ കഴിയുന്നു. കേരളത്തിലെവിടെയും കാട്ടനകൾ കാടിറങ്ങിയാല്‍ അവയെ കാട്ടിലേക്ക് തന്നെ തുരത്തിയോടിക്കാന്‍ സജ്ജമാണ് മുത്തങ്ങയിലെ കുംങ്കി കൊമ്പാന്മാരെന്ന് സ്ഥാപിച്ച് കൊണ്ടാണ് ഡോക്യുമെന്‍റി അവസാനിക്കുന്നത്. കേരളാ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ് നിർമ്മിച്ച ഡോക്യമെന്‍ററിക്ക് കണ്‍സർവേഷന്‍ ബയോളജിസ്റ്റ് വിഷ്ണു ഒയാണ് ഡയറക്ടനും സ്ക്രീന്‍ പ്ലേയും നിര്‍വഹിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button