മത വിദ്വേഷ സന്ദേശം വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ച കേസ്: താമരശ്ശേരിയിൽ യുവാവ് അറസ്റ്റിൽ

താമരശ്ശേരി: ഇസ്ലാം മതത്തിനും പ്രവാചകനുമെതിരെ അശ്ലീലവും മതവിദ്വേഷം പരത്തുന്നതുമായ സന്ദേശം പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റു ചെയ്തു. വാട്ട്സ്ആആപ്പ് വഴി 1.55 മിനുട്ട് നീണ്ടു നിൽക്കുന്ന ശബ്ദ സന്ദേശം പ്രചരിപ്പിച്ചതിനാണ് നടപടി. പുതുപ്പാടി കണ്ണപ്പൻ ക്കുണ്ട് ചന്ദ്രഗിരി അജയൻ (44) നെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. ഭാരതീയ ന്യായ സംഹിത 196 (1) വകുപ്പ് ചുമത്തിയാണ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. പ്രാദേശിക വാട്ട്സ്ആആപ്പ് ഗ്രൂപ്പുകളിലാണ് സന്ദേശം പ്രചരിപ്പിച്ചത്. പുതുപ്പാടിമയിലള്ളാംപാറ ഞാറ്റും പറമ്പിൽ മജീദ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
196 (1) വകുപ്പ് പ്രകാരം മൂന്ന് വർഷം തടവും, പിഴയും ലഭിക്കാവുന്ന കുറ്റമാണ് അജയനെതിരെ ചുമത്തിയിട്ടുള്ളത്. ഇത് പ്രകാരം മതം, വംശം, ഭാഷ, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ പൊരുത്തക്കേട്, ശത്രുത അല്ലെങ്കിൽ വിദ്വേഷം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികൾക്കോ പ്രസംഗങ്ങൾക്കോ ശിക്ഷ ലഭിക്കും.
196 (1) വകുപ്പ് പ്രകാരം കേസെടുക്കുന്നതിനുള്ള മതിയായ കാരണങ്ങൾ ഇവയാണ്. വെറുപ്പോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്നതിന് വാക്കുകൾ (സംസാരിക്കുകയോ എഴുതുകയോ ചെയ്യുക), അടയാളങ്ങൾ, ദൃശ്യമായ പ്രതിനിധാനങ്ങൾ അല്ലെങ്കിൽ ഇലക്ട്രോണിക് ആശയവിനിമയം ഉപയോഗിക്കുക എന്നതാണ് ആദ്യത്തേത്.
പൊതു സമാധാനത്തെ ശല്യപ്പെടുത്തുന്നതോ ശല്യപ്പെടുത്താൻ സാധ്യതയുള്ളതോ ആയ വ്യത്യസ്ത ഗ്രൂപ്പുകൾ തമ്മിലുള്ള ഐക്യം നിലനിർത്തുന്നതിന് ദോഷകരമായ ഏതെങ്കിലും പ്രവൃത്തി ചെയ്താൽ ഈ വകുപ്പ് പ്രകാരം കേസ് എടുക്കാവുന്നതാണ്.
പങ്കാളികൾ ക്രിമിനൽ ബലപ്രയോഗമോ അക്രമമോ ഉപയോഗിക്കുമെന്നോ പരിശീലിപ്പിക്കപ്പെടുമെന്നോ ഉള്ള ഉദ്ദേശ്യത്തോടെയോ അല്ലെങ്കിൽ അവർ അങ്ങനെ ചെയ്യുമെന്ന് അറിഞ്ഞുകൊണ്ട് ഏതെങ്കിലും ആചാരം, പ്രസ്ഥാനം, ഡ്രിൽ അല്ലെങ്കിൽ സമാനമായ പ്രവർത്തനം സംഘടിപ്പിക്കുകയോ ചെയ്താൽ 196 (1) വകുപ്പ് പ്രകാരം കേസെടുക്കാവുന്നതാണ്.