Uncategorized

‘നോമ്പുതുറക്കാൻ ഹൈന്ദവ ക്ഷേത്രമുറ്റം, മാതൃകയാണ് കേരളം, അഭിമാനം’; നിയമസഭാ സ്പീക്കർ എ എൻ ഷംസീ‌ർ

തിരുവനന്തപുരം: മലയാളികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീ‌ർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ. ‘ചെറിയപെരുന്നാൾ ആശംസകൾ. സ്നേഹത്തിൻ്റെ, ത്യാഗത്തിന്റെ, സാഹോദര്യത്തിൻ്റെ വലിയ ആഘോഷാരവങ്ങളാകട്ടെ ഈ ചെറിയ പെരുന്നാൾ എന്നാശംസിക്കുന്നു’. നോമ്പുതുറക്കാൻ മുസ്ലിം സഹോദരങ്ങൾക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന മതാതീതമായ സ്നേഹസാഹോദര്യങ്ങളുടെ മാതൃകയാണ് കേരളം ലോകത്തിനു മുന്നിൽ വയ്ക്കുന്നത് എന്നഭിമാനത്തോടെ പറയാനാകുന്നു എന്നതാണ് ഈ ചെറിയ പെരുന്നാളിനെ ഏറ്റവും മനോഹരമാക്കിയത്.’

മുഖ്യമന്ത്രി പിണറായി വിജയന്റെ പെരുന്നാൾ സന്ദേശം

‘സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമുയർത്തിപ്പിടിച്ച ഒരു റംസാൻ കാലമാണ് കഴിഞ്ഞുപോയത്. മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വനസ്പർശമായി മാറുന്ന ഉന്നതമായ മാനവികതയുടേതാണ് റംസാൻ. വേർതിരിവുകളില്ലാതെ ലോകമെമ്പാടുമുള്ളവർ ഈദ് ആഘോഷങ്ങളിൽ പങ്കുചേരുകയാണ്. പരസ്പര വിശ്വാസത്തിലും സഹോദര്യത്തിലുമൂന്നിയ സാമൂഹിക ബന്ധങ്ങളുടെ തിളക്കമാണ് ഈ ആഘോഷങ്ങളുടെ പ്രധാന സവിശേഷതയെന്ന് കാണാം. വൈവിധ്യങ്ങളുടെ സമ്പന്നതയെ ഭയക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഇന്ന് ലോകത്തെങ്ങും വർഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കുകയാണ്. ആളുകളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ മനുഷ്യത്വത്തിന്റെയും മൈത്രിയുടെയും കൈകോർക്കലുകളിലൂടെ ചെറുക്കേണ്ടതുണ്ട്. ഈ ചെറിയ പെരുന്നാൾ ദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.’

വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഇസ്ലാം മത വിശ്വാസികൾക്ക് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ഒന്നിച്ചുകൂടി ബന്ധങ്ങൾ പുതുക്കിയും പുതുവസ്ത്രങ്ങളണിഞ്ഞും രുചി വിളമ്പിയും ആഘോഷിക്കുകയാണ് വിശ്വാസികൾ. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഈദ്​ഗാ​ഹുകൾ നടന്നു. ലഹരി വിരുദ്ധ സന്ദേശമുയർത്തിയാണ് ഈദ്​ഗാഹുകൾ സംഘടിപ്പിച്ചത്. ലഹരിവിരുദ്ധ പ്രചാരണങ്ങളെ ഇസ്ലാമിക സമൂഹം പിന്തുണയ്ക്കണമെന്ന് പാളയം ഇമാം പറഞ്ഞു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുമായും സഹകരിക്കരുത്. ലഹരിവിരുദ്ധ പ്രചാരണങ്ങളിൽ വിശ്വാസി സമൂഹം മുൻപന്തിയിൽ നിൽക്കണമെന്നും പാളയം ഇമാം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button