Uncategorized

ചര്‍ച്ചയായി രചിതാവിന്‍റെ മൗനം: പൃഥ്വി ഷെയര്‍ ചെയ്ത മോഹന്‍ലാലിന്‍റെ ഖേദപ്രകടനം ഷെയര്‍ ചെയ്യാതെ മുരളി ഗോപി

കൊച്ചി: ചിത്രത്തിലെ ഉള്ളടക്കത്തിന്‍റെ പേരില്‍ വിവാദമായ എമ്പുരാന്‍ ചലച്ചിത്രത്തിന്‍റെ പേരില്‍ കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ ഖേദ പ്രകടനവുമായി എത്തിയത്. തന്‍റെ സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ പങ്കുവച്ച കുറിപ്പ് പിന്നീട് ചിത്രത്തിന്‍റെ സംവിധായകനും നടനുമായ പൃഥ്വിരാജ് പങ്കുവച്ചിരുന്നു. പിന്നാലെ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും ഇതേ പോസ്റ്റ് പങ്കുവച്ചിരുന്നു.

എന്നാല്‍ ചിത്രത്തിന്‍റെ രചിതാവായാണ് മുരളി ഗോപി ഇതുവരെ ഉയരുന്ന വിവാദത്തില്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല. മോഹന്‍ലാലിന്‍റെ കുറിപ്പ് ചിത്രത്തിന്‍റെ അണിയറക്കാര്‍ എല്ലാം പങ്കുവച്ചിട്ടും മുരളി ഗോപി ഇതുവരെ പങ്കുവച്ചിട്ടില്ല. അതേ സമയം ചിത്രത്തിലെ അടുത്തിറങ്ങിയ ഗാനം അടക്കം മുരളി ഗോപി പങ്കുവച്ചിട്ടുണ്ട്. എന്തായാലും മുരളി ഗോപി ഇപ്പോഴത്തെ വിവാദത്തില്‍ പുലര്‍ത്തുന്ന നിശബ്ദത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. നേരത്തെ ചിത്രത്തെ അത് കണ്ട് വ്യാഖ്യാനിക്കുന്നവര്‍ക്ക് ആ രീതിയില്‍ ആകാമെന്നും, താന്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്ന വാര്‍ത്ത ഏജന്‍സി പിടിഐയോട് മുരളി ഗോപി പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

അതേ സമയം വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റിയ എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്‍റെ പ്രദര്‍ശനം. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലന്‍റെ പേരും മാറ്റിയേക്കും. ഉടന്‍ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെന്‍ര്‍ ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് വിവരം.

സിനിമാ സംഘടനകളും വിഷയത്തില്‍ മൗനത്തിലാണ്. വിവാദങ്ങള്‍ക്കിടയിലും തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. സിനിമയുടെ റെക്കോര്‍ഡ് കളക്ഷന്‍ വിവരങ്ങള്‍ താരങ്ങള്‍ തന്നെ പുറത്തുവിട്ടു. അതേ സമയം ആലപ്പുഴയിൽ മോഹന്‍ലാല്‍ ഫാൻസ്‌ അസോസിയേഷൻ സെക്രട്ടറി രാജി വച്ചു. മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനുരാജ് ആണ് രാജി വച്ചതായി ഫേസ് ബുക്ക് പോസ്റ്റ്‌ ഇട്ടത്. രാജിയുടെ കാരണം ബിനുരാജ് വിശദീകരിക്കുന്നില്ല. രാജിവെക്കുകയാണെന്നും ഇതുവരെ കട്ടയ്ക്ക് നിന്നവർക്ക് നന്ദിയെന്നുമാണ് ബിനുരാജ് അറിയിച്ചത്. മോഹൻലാല്‍ ഖേദം പ്രകടിപ്പിച്ചതാണ് രാജിവയ്‍ക്കാൻ കാരണം എന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button