Uncategorized

തിരുവനന്തപുരം മൃഗശാലയിലെ മലിനജല സംസ്കരണ പ്ലാന്റ് പ്രവര്‍ത്തന ക്ഷമമാക്കിയെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ മലിന ജല സംസ്കരണ പ്ലാന്റിലെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും, പ്ലാന്റ് അറ്റകുറ്റപണികള്‍ നടത്തി പൂര്‍ണ്ണ സജ്ജമായി പ്രവര്‍ത്തന ക്ഷമമായിട്ടുണ്ടെന്നും മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മൃഗശാലയിലെ സംസ്കരണ പ്ലാന്റ് മന്ത്രി സന്ദര്‍ശിക്കുകയും പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തുകയും ചെയ്തു. പ്രതിദിനം 1 ലക്ഷം ലിറ്ററോളം ജലമാണ് ശുചീകരിക്കപ്പെട്ടു കൊണ്ടിരുന്നത് .

2013 ൽ സിഡ്കോ മുഖേന സ്ഥാപിച്ച വാട്ടർ റീസൈക്ലിംഗ് പ്ലാന്റ് 2021 ല്‍ പ്ലാന്റിന്റെ ബ്ലോവർ, പമ്പ് എന്നിവയുടെ അറ്റകുറ്റപ്പണികൾ കാരണം പ്രവർത്തനക്ഷമമല്ലാതായിരുന്നു. സാങ്കേതിക കാരണങ്ങളാൽ പ്രവർത്തന- ക്ഷമമാക്കുന്നതിനുളള നടപടികൾ നീണ്ടുപോയെങ്കിലും 2024 ജൂലൈ മാസത്തിൽ പ്ലാന്റ് പ്രവർത്തന- ക്ഷമമാക്കുന്നതിനുളള നടപടികൾ ആരംഭിക്കുകയും, അറ്റകുറ്റപ്പണികൾ നടത്തുന്നതിന് സർക്കാരിന്റെ ഇ-ടെൻഡർ പോർട്ടലിൽ ടെൻഡർ ക്ഷണിക്കുയും ചെയ്തു. ടെൻഡര്‍ നടപടിയില്‍ വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ച സ്ഥാപനത്തിന് സർക്കാരിന്റെ ഭരണാനുമതിയോടു കൂടി പ്രവൃത്തി നിർവ്വഹിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.

പ്ലാന്റ് പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാക്കുന്നതിന്, പ്ലാന്റിലെ സ്ലഡ്ജ് മാറ്റാന്‍ നിര്‍ദേശം നല്‍കുകയും ഏകദേശം 60 ലോഡ് സ്ലഡ്ജ് മുട്ടത്തറ സ്വീവേജ് പ്ലാന്റിലേക്ക് മാറ്റി സംസ്കരിക്കുകയും ചെയ്തു. പമ്പ് ഫിൽട്ടർ റീവാമ്പ് ചെയ്യുന്നതിനും പെൻസ്റ്റോക്ക് ഷട്ടറിന്റെയും, ചെയിൻ ബ്ലോക്കിന്റെയും അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനും അടിയന്തര നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ പ്രവര്‍ത്തികള്‍ കൂടി പൂര്‍ത്തീകരിച്ച് പ്ലാന്റ് പൂര്‍ണ സജ്ജമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

അറ്റകുറ്റ പണികള്‍ നടന്നു കൊണ്ടിരിക്കുന്ന സമയത്ത് തലസ്ഥാനത്ത് ഉണ്ടായ കനത്ത മഴയില്‍ മൃഗശാലയിലേയ്ക്ക് വെള്ളം ഒഴുകിയെത്തുകയും ഈ മഴവെളളം സോക്ക്പിറ്റ് കവിഞ്ഞ് പുറത്തേയ്ക്ക് ഒഴുകുകയുമാണ് ഉണ്ടായത്. പെൻസ്റ്റോക്കിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടു കൂടി ജലം പുറത്തേയ്ക്ക് ഒഴുകുന്ന സാഹചര്യം നിലവിലില്ലെന്ന് മന്ത്രി പറഞ്ഞു. ഭൂമിശാസ്ത്ര പരമായി മൃഗശാല സ്ഥിതി ചെയ്യുന്ന പ്രദേശം താഴ്ന്ന ഭാഗത്തായതിനാല്‍ കനത്ത മഴയില്‍ മഴവെള്ളം മൃഗശാല വളപ്പിൽ പ്രവേശിക്കാതെ മെയിൻ റോഡിലെ ഓടയിലേയ്ക്ക് പോകുന്നതിനുളള നടപടികൾ സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button