കഴിഞ്ഞ 9 വർഷങ്ങൾ, പൊതുവിദ്യാഭ്യാസ മേഖലയിൽ 6000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമെന്ന് മന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ 9 വർഷത്തിനുള്ളിൽ 6000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പിലാക്കിയതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. നെടുമങ്ങാട് സർക്കാർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ബഹുനില മന്ദിരത്തിന്റെയും സ്കൂളിന്റെ 80 ആം വാർഷിക ആഘോഷങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ എല്ലാ സ്കൂളുകളിലും കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ക്ലാസ് മുറികൾ, ലാബുകൾ, സ്കൂൾ ബസ്, ലൈബ്രറി തുടങ്ങി വിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനമാണ് സർക്കാർ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായാണ് നെടുമങ്ങാട് ഗേൾസ് സ്കൂളിലും ബഹുനില മന്ദിരം നിർമ്മിക്കാൻ കഴിഞ്ഞത്. സ്കൂളിൽ ഇനിയും നിരവധി വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സ്കൂളിന്റെ ഹയർ സെക്കൻഡറി വിഭാഗത്തിനായി മൂന്നു കോടി രൂപയുടെ ഒരു ബഹുനില മന്ദിരം കൂടി അനുവദിച്ചിട്ടുണ്ട്. സാങ്കേതിക അനുമതി ഘട്ടത്തിലാണ്. മെയ് മാസത്തിൽ നിർമ്മാണം ആരംഭിക്കുന്ന തരത്തിൽ നടപടികൾ മുന്നോട്ടുപോകുന്നു.
കൂടാതെ സ്കൂളിൽ ആയിരം വിദ്യാർത്ഥികൾക്ക് ഇരിപ്പിടം ഒരുക്കി പുതിയ ഓഡിറ്റോറിയം നിർമാണത്തിനും സ്റ്റേജ് നവീകരണത്തിനും 70 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. 36 സീറ്റുള്ള സ്കൂൾ ബസ്സിനായി 25 ലക്ഷം രൂപയും അനുവദിച്ചു. അടുത്ത അദ്ധ്യാന വർഷം തുടങ്ങുമ്പോൾ തന്നെ അത് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2022- 23 പ്ലാൻ ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ ചെലവഴിച്ചാണ് ബഹുനില മന്ദിരം നിർമ്മിച്ചത്. നിലവിൽ ഒറ്റനിലയുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയും രണ്ടാം നിലയും ആണ് പ്രവർത്തിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചത്. ഒന്നാം നില 8 ക്ലാസ് മുറികളും ഒരു ടോയ്ലറ്റ് ബ്ലോക്കും സ്റ്റെയർ കേസ് ഉൾപ്പെടെ 623.77 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. രണ്ടാം നില 5 ക്ലാസ് മുറികൾ ഉൾപ്പെടുത്തി 409.802 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
സ്കൂളിന്റെ എൺപതാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന എൺപത് പരിപാടികളാണ് സ്കൂളിൽ നടത്തുന്നത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭാ ചെയർ പേഴ്സൺ സി. എസ് ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, നഗരസഭാ കൗൺസിലർമാർ, സ്കൂൾ പ്രിൻസിപ്പാൾ നിതാനായർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.