എമ്പുരാന്റെ പുതിയ പതിപ്പ് തിങ്കളാഴ്ചയോടെ; 17 ഭാഗങ്ങൾ കട്ട് ചെയ്യും, വില്ലന്റെ പേര് മാറ്റും

വിമർശനങ്ങൾ ശക്തമായതോടെ പൃഥ്വിരാജ് സംവിധാനം ചെയ്‌ത എമ്പുരാനിൽ മാറ്റങ്ങൾ വരുത്തുന്നു. വിമർശനത്തിനിടയായ ഭാഗങ്ങളിലാണ് മാറ്റങ്ങൾ വരുത്തുക. നിർമാതാക്കൾ നിർദേശിച്ചതു പ്രകാരമാണ് മാറ്റമെന്നാണ് സൂചന. വോളൻ്ററി മോഡിഫി ക്കേഷൻ വരുത്താനും തീരുമാനമായിട്ടുണ്ട്. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദർശനം തുടരും.
പുതിയ പതിപ്പിൽ പതിനേഴു ഭാഗങ്ങൾ ഒഴിവാക്കും. സ്ത്രീകൾക്കെതിരായ അതിക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് ഒഴിവാക്കുക. ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രത്തിൻ്റെ പേരും മാറ്റുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് റീ സെൻസറിംഗ് അല്ല, മോഡിഫിക്കേഷൻ ആണെന്നാണ് വിവരം.
ഗുജറാത്ത് കലാപം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപാദിക്കുന്ന സിനിമയ്ക്കെതിരെ സംഘപരിവാർ കേന്ദ്രങ്ങൾ കടുത്ത വിമർശ നം ഉന്നയിച്ചിരുന്നു. സംഘ മുഖപത്രമായ ഓർഗനൈസർ തന്നെ സിനിമയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചു. ഇതിനു പിന്നാലെയാണ് ചിത്രത്തിൽ മാറ്റം വരുത്തുന്നത്.
എംപുരാനിൽ കാണിക്കുന്ന ഏതെങ്കിലും സീനുകളോ ഡയലോഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ അതിൽ മാറ്റം വരുത്താൻ സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടന്നാണ് ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ ഗോകുലം ഗോപാലൻ ഒരു ഓൺലൈൻ മാധ്യമത്തിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ലെന്നും സിനിമ കാണുന്നവർ സന്തോഷിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ സെൻസർ ചെയ്തപ്പോൾ പ്രശ്നമൊന്നും ഇല്ലായിരുന്നുവെന്നും സിനിമ കാണുന്നവർ പല ചിന്താഗതിക്കാർ ആണല്ലോ, അതിൽ വന്ന പ്രശ്‌നം ആണെന്നും ഗോപാലൻ കൂട്ടിച്ചേർത്തു.