നദികളിലെ ജലനിരപ്പ്, മഴയുടെ അളവുമെല്ലാം തത്സമയം; വെള്ളപ്പൊക്ക സാധ്യത മുന്‍കൂട്ടി അറിയുന്ന സംവിധാനത്തിന് 1 കോടി

തിരുവനന്തപുരം: വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ കൃത്യസമയത്തു നല്‍കുന്ന ഫ്‌ളഡ് ഏര്‍ലി വാണിങ് പ്രോഗ്രാമിന്റെ ഭാഗമായുള്ള തത്സമയ വിവര ശേഖരണ സംവിധാനം (റിയല്‍ ടൈം ഡേറ്റ അക്വിസിഷന് സിസ്റ്റം മെഷീനറി) സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. പ്രളയ സാധ്യത കൂടിയ 8 ജില്ലകളിലെ 11 സ്ഥലങ്ങളിലാകും സംവിധാനം ഒരുക്കുക.
കോട്ടയം ജില്ലയിലെ തീക്കോയി, വയനാട് ജില്ലയിലെ പനമരം, തോണിക്കടവ്, പത്തനംതിട്ട ജില്ലയിലെ കല്ലേലി, പന്തളം, കൊല്ലം ജില്ലയിലെ പുനലൂര്‍, തെന്മല ഡാം, കണ്ണൂര്‍ ജില്ലയില്‍ രാമപുരം. കാസര്‍കോഡ് ജില്ലയില്‍ ചിറ്റാരി, മലപ്പുറം ജില്ലയില്‍ തിരൂര്‍, കോഴിക്കോട് ജില്ലയില്‍ കല്ലായി എന്നിവിടങ്ങളിലാണ് സംവിധാനം ഒരുക്കുക. ജലവിഭവ വകുപ്പിനു പുറമേ കെഎസ്ഇബിയുമായി കൂടി ചേര്‍ന്നാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.