Uncategorized

അഞ്ചുവർഷം ചെയ്ത ജോലിക്ക് ശമ്പളമില്ല; മരണശേഷം അലീനയ്ക്ക് നിയമന അംഗീകാരം

താമരശ്ശേരി: അഞ്ചു വർഷത്തോളം അധ്യാപികയായി ജോലി ചെയ്തിട്ടും ഒരു രൂപ പോലും ശമ്പളം കിട്ടാത്തതിനെ തുടർന്ന് ജീവനൊടുക്കിയ അലീന ബെന്നിയുടെ നിയമനം സ്ഥിരീകരിച്ച് വിദ്യാഭ്യാസ വകുപ്പ്. താമരശ്ശേരി കട്ടിപ്പാറ സെൻ്റ് ജോസഫ് എൽ പി സ്കൂൾ അധ്യാപികയായിരുന്ന അലീന ബെന്നിയുടെ താൽക്കാലിക നിയമനമാണ് മാർച്ച് 15 ന് താമരശ്ശേരി എ ഇ ഒ അംഗീകരിച്ചത്. അപ്പോഴേക്കും അലീന മരിച്ചിട്ട് 24 ദിവസം പിന്നിട്ടിരുന്നു.

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്തതിനാൽ ശമ്പള സ്കെയിൽ പ്രകാരമുള്ള നിയമനത്തിന് പകരം പ്രതിദിനം 955 രൂപ നിരക്കിൽ ദിവസ വേതന വ്യവസ്ഥയിലുള്ള നിയമനമാണ് അംഗീകരിച്ചത്. താമരശേരി എഇഒ നിയമന നടപടി അംഗീകരിച്ച് സമന്വയ വെബ്സൈസൈറ്റിൽ പ്രസിദ്ധപ്പെടുത്തി. ഇതോടെയാണ് അംഗീകാര ഉത്തരവ് മാനേജ്മെന്റായ താമരശേരി രൂപത കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിക്ക് ലഭിച്ചത്.

കഴിഞ്ഞ മാസം ഫെബ്രുവരി 19നാണ് അലീന ബെന്നിയെ കട്ടിപ്പാറയിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിയമന അംഗീകാരം നൽകാത്തതിനു താമരശേരി രൂപത കോർപറേറ്റ് മാനേജ്മെന്റും വിദ്യാഭ്യാസ വകുപ്പും പരസ്പരം പഴിചാരുകയാണുണ്ടായത്. ഇതിനെതിരെ വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button