ആലപ്പുഴയിൽ 100 വർഷം മുൻപ് നോമ്പ്തുറ തടസപ്പെടാതിരിക്കാൻ കാരണവർ തുടങ്ങി വച്ചത്, ഇത് കലർപ്പില്ലാത്ത മതസൗഹാർദം!

ചാരുംമൂട്: കടുവിനാൽ മുസ്ലിം ജമാഅത്ത് പള്ളിയിൽ ഒരു നൂറ്റാണ്ടിലധികമായി നോമ്പുതുറ ഒരുക്കി സാഹോദര്യം കാത്തു സൂക്ഷിക്കുകയാണ് ഒരു ഹിന്ദു കുടുംബം. വള്ളികുന്നം കടുവിനാൽ മുസ്ലിം ജമാഅത്തിൽ വിശുദ്ധ റമദാനിന്റെ 26-ാം രാവിൽ ഇവരെത്തുന്നത് നോമ്പുതുറ വിഭവങ്ങളുമായി മാത്രമല്ല, കാലം മായ്ക്കാത്ത സ്നേഹ ബന്ധവും ചേർത്തു പിടിച്ചാണ്. റമദാനിന്റെ മഹത്വം നെഞ്ചിലേറ്റി മുസ്ലിം സഹോദരങ്ങള്‍ക്കായി നോമ്പുതുറ ഒരുക്കാൻ പതിവുതെറ്റാതെ ഇക്കുറിയും അവർ എത്തി. കടുവിനാൽ വലിയവിളയില്‍ കുടുംബാംഗങ്ങളാണ് മഹത് കർമമായി ഹൃദയത്തിലേറ്റി നോമ്പുതുറ ഒരുക്കുന്നത്.
100 വര്‍ഷങ്ങൾക്ക് മുമ്പ് വലിയവിളയില്‍ എന്ന ഈഴവ കുടുംബത്തിലെ കാരണവരാണ് ഇതിന് തുടക്കമിട്ടത്. ഒരു നൂറ്റാണ്ടിന് മുമ്പ് വലിയവിളയില്‍ എന്ന ഈഴവ കുടുംബത്തിലെ കാരണവരായ വെളുത്തകുഞ്ഞ് ജോലികഴിഞ്ഞ് വരുമ്പോള്‍ നോമ്പുതുറയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യാന്‍ കടുവിനാല്‍ പള്ളിയില്‍ കമ്മിറ്റിയുടെ യോഗം നടക്കുകയായിരുന്നു. അന്ന് മുസ്ലിം സഹോദരങ്ങൾ കുറവായിരുന്ന പ്രദേശത്ത് 29 ദിവസത്തെ നോമ്പ് തുറ നടത്താൻ മാത്രമേ കുടുംബങ്ങൾ ഉണ്ടായിരുന്നുള്ളു. വിശ്വാസികളില്‍നിന്ന് കാര്യം മനസിലാക്കിയ കാരണവര്‍ 26-ാം രാവിലെ നോമ്പുതുറ താന്‍ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തു. വീട്ടിലെത്തിയ കാരണവർ സഹോദരങ്ങൾക്കായി നോമ്പ് തുറക്കാൻ വേണ്ട ഒരുക്കങ്ങൾ നടത്തി.