Uncategorized
എടവണ്ണ – കൊയിലാണ്ടി പാതയില്‍ കാർ എതിർദിശയിൽ വന്ന ലോറിയിൽ ഇടിച്ചു; കാർ യാത്രികന് പരിക്ക്

കോഴിക്കോട്: കാര്‍ ലോറിയില്‍ ഇടിച്ചുകയറി യാത്രക്കാരന് പരിക്കേറ്റു. മലപ്പുറം എടവണ്ണ കരുളായി സ്വദേശി അബ്ദുസമദിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെ എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കം നെല്ലിക്കാപറമ്പില്‍ വെച്ചാണ് അപകടമുണ്ടായത്. അരീക്കോട് ഭാഗത്തുനിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന അബ്ദുസമദ് സഞ്ചരിച്ച കാര്‍ എതിര്‍ ദിശയില്‍ എത്തിയ ലോറിയില്‍ ഇടിക്കുകയായിരുന്നു. മുഖത്തും കാലിനും സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. മറ്റ് വാഹനങ്ങള്‍ക്ക് അപകടകരമാവുന്ന തരത്തില്‍ ഓയില്‍ പരന്നൊഴുകിയതിനെ തുടര്‍ന്ന് മുക്കം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി റോഡ് കഴുകി സുരക്ഷിതമാക്കി.