Uncategorized

ഒന്നാം ക്ലാസിൽ ചേർക്കാൻ അൽപം കൂടി കാത്തിരിക്കാം; അടുത്ത വർഷം മുതൽ പ്രവേശനം ആറ് വയസിലാക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: 2009ലെ വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കുട്ടികൾക്ക് പരീക്ഷ നടത്തുകയോ ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിയമത്തിലെ സെക്ഷൻ13 (1) എ, ബി ക്ലോസുകൾ ഈ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാൽ അത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസാക്കി ഉയർത്താൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂൾ പ്രവേശന പ്രായം കേരളത്തിൽ അഞ്ച് വയസാണ് ഇപ്പോൾ. എന്നാൽ ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികൾ സജ്ജമാകുന്നത് ആറ് വയസിന് ശേഷമാണെന്നാണ് ശാസ്ത്രീയ പഠനങ്ങളും മറ്റും നിർദ്ദേശിക്കുന്നത്. അതുകൊണ്ടാണ് വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം ആറ് വയസോ അതിന് മുകളിലോ ആക്കുന്നത്. പക്ഷേ കേരളീയ സമൂഹം എത്രയോ കാലങ്ങളായി കുട്ടികളെ അ‌ഞ്ച് വയസിലാണ് ഒന്നാം ക്ലാസ്സിൽ ചേർക്കുന്നത്. എന്നിരുന്നാലും വലിയൊരു വിഭാഗം കുട്ടികളെ ഇപ്പോൾ ആറാം വയസ്സിൽ സ്‌കൂളിൽ ചേർക്കുന്ന അവസ്ഥ നിലവിലുണ്ട്. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ 6 വയസ്സിന് ശേഷമാണ് സ്‌കൂളിൽ എത്തുന്നതെന്നും ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 2026-27 അക്കാദമിക വർഷം മുതൽ ഒന്നാം ക്ലാസ്സ് പ്രവേശന പ്രായം 6 വയസാക്കി മാറ്റാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.

ഈ വർഷത്തെ ചില പരീക്ഷാ ചോദ്യപേപ്പറുകളിൽ ചില തെറ്റുകൾ സംഭവിച്ചു എന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ അന്വേഷണം നടത്താൻ നിർദ്ദേശിച്ചിടുണ്ടെന്നും ആഭ്യന്തര അന്വേഷണം നടത്തി എവിടെയാണ് വീഴ്ച സംഭവിച്ചത് എന്ന് മനസിലാക്കിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ പരിക്ഷാ പരിഷ്‌കരണം നടപ്പിലാക്കും. നിരന്തര മൂല്യനിർണ്ണയം, ചോദ്യപേപ്പർ നിർമ്മാണം, പേപ്പറുകളുടെ മൂല്യനിർണ്ണയം, ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ അധ്യാപകകർക്കുള്ള പരിശീലനം, ചോദ്യബാങ്ക് തയ്യാറാക്കൽ എന്നിവയും ഈ വർഷം തന്നെ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഇവയ്ക്കുളള വിശദമായ മാർഗ്ഗരേഖ ഏപ്രിൽ മാസം പ്രസിദ്ധീകരിക്കും. പുതുക്കിയ ചോദ്യപേപ്പറുകളുടെ മാതൃകയും എസ്.സി.ഇ.ആർ.ടി. തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button