സഞ്ചരിക്കുന്ന എ.ബി.സി പദ്ധതിയുമായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്

കണ്ണൂർ: തെരുവ് നായ ശല്യം കൂടുന്ന സാഹചര്യത്തിൽ സഞ്ചരിക്കുന്ന എ ബി സി പദ്ധതിയുമായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതി. ബ്ലോക്കിലെ പഞ്ചായത്തുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ നിസാർ വായിപ്പറമ്പ് പറഞ്ഞു. വിവിധ മേഖലകളിലായി 49 കോടി രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്. ഉൽപാദന മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ചെറുകിട വ്യവസായ സംരഭം ആരംഭിക്കുന്നതിന് 75 ശതമാനം സബ്‌സിഡി നൽകുന്ന സംരംഭകത്വ പദ്ധതിക്കാണ് ബജറ്റിൽ പ്രത്യേക ഊന്നൽ. നെൽകൃഷി, പച്ചക്കറി കൃഷി പ്രോത്സാഹന പദ്ധതിയും വിഭാവനം ചെയ്‌തിട്ടുണ്ട്.
നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പാപ്പിനിശ്ശേരി സിഎച്ച്സിക്ക് കെട്ടിടം, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തോടുകളുടെയും നീർച്ചാലുകളുടെയും സംരക്ഷണം, വയോജനങ്ങൾക്കുള്ള പ്രത്യേക പദ്ധതികൾ, പട്ടിക ജാതി വിഭാഗത്തിനുള്ള പദ്ധതികൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ബജറ്റിലുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ ടീച്ചർ അധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ പി.വി അജിത, കെ.വി സതീശൻ, പി. പ്രസീത, ബ്ലോക്ക് പഞ്ചായത്തംഗം പി.ഒ ചന്ദ്ര മോഹനൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറി സീമ കുഞ്ചാൽ, ഹെഡ് ക്ലർക്ക് ഗണേശൻ തുടങ്ങിയവർ സംസാരിച്ചു.