Uncategorized

വോക്സ് വാഗൺ പസാറ്റ് കാറിലെത്തിയ മുട്ടിൽ സ്വദേശി, ‘ഓവർ ആക്ടിംഗ്’ പണിയായി; 35 ഗ്രാം എംഡിഎംഎയുമായി പിടിയിലായി

തോൽപ്പെട്ടി: വയനാട് വീണ്ടും എംഡി‌എംഎ വേട്ട. മുട്ടില്‍ സ്വദേശി സാജിദില്‍ നിന്നാണ് 35 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തത്. പൊഴുതനയില്‍ വാഹന പരിശോധനക്കിടെ അസ്വാഭാവികമായി പെരുമാറിയതിനെ തുടർന്ന് വൈത്തിരി പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. ഇന്നലെ വയനാട്ടില്‍ നിന്ന് 285 ഗ്രാം എംഡിഎംഎ കാസർഗോഡ് സ്വദേശികളില്‍ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തതിന് പിന്നാലെയാണ് പൊഴുതനയിലെ ലഹരിവെട്ട.

വോക്സ് വാഗൻ പസാറ്റ് കാറില്‍ എത്തിയ സാജിദ് പൊലീസ് പരിശോധനയോട് സഹകരിച്ചില്ല. യുവാവിന്‍റെ അസ്വഭാവിക പെരുമാറ്റത്തിൽ സംശയം തോന്നിയ വൈത്തിരി പൊലീസ് ഇയാളെയും വാഹനവും പരിശോധിച്ചു. ധരിച്ചിരുന്ന പാന്‍റ്സിന്‍റെ പോക്കറ്റില്‍ നിന്നാണ് എം‍ഡിഎംഎ കണ്ടെടുത്തത്. ലഹരിമരുന്ന് കിട്ടിയതോടെ കുതറി ഓടാൻ ശ്രമിച്ച സാജിദിനെ പൊലീസ് സംഘം ബലപ്രയോഗത്തിലൂടെ കീഴടക്കി വിലങ്ങ് വെക്കുകയായിരുന്നു. നേരത്തെയും എംഡിഎംഎ കടത്തിയതിന് പിടിയിലായിട്ടുള്ള ആളാണ് സാജിദ് എന്ന് പൊലീസ് പറഞ്ഞു. ഇയാൾ ആർക്ക് വേണ്ടിയാണ് എംഡിഎംഎ കൊണ്ടുപോയതെന്നും എവിടെ നിന്ന് കിട്ടിയതെന്നുമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്.

അതിനിടെ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി തോൽപ്പെട്ടി എക്സൈസ് ചെക്ക്‌പോസ്റ്റിൽ വച്ച് മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും 7 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്ത കേസിൽ ഇതേ കാറിൽ നിന്നും 285 ഗ്രാം എംഡിഎംഎ കൂടി എക്സൈസ് കണ്ടെടുത്തു. 19ന് പിടിയിലായ കാസർഗോ‍ഡ് സ്വദേശികളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കാറില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന എംഡിഎയുടെ വിവരം ഇന്നലെ എക്സൈസിന് കിട്ടിയത്. ഇവരുടെ കൂടുതല്‍ ചോദ്യം ചെയ്യലും പുരോഗമിക്കുകയാണ്. കർണാടകയില്‍ നിന്ന് വയനാട് വഴിയുള്ള ലഹരിക്കടത്ത് കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത ശക്തമാക്കമണമെന്ന ആവശ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് പുതിയ സംഭവവും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button