Uncategorized

പണം ചോദിച്ചത് സർക്കാർ ഫീസെന്ന് പറഞ്ഞ്, രണ്ട് തവണയായി 25,000 രൂപ ഗൂഗിൾ പേ ചെയ്തു; അന്വേഷണം തുടങ്ങി വിജിലൻസ്

തിരുവനന്തപുരം: ഭൂമി റീസർവേ ചെയ്യുന്നതിന് സർക്കാർ ഫീസ് എന്ന പേരിൽ കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് അസിസ്റ്റന്റിനെതിരേ കേസെടുത്ത് വിജിലൻസ്. തിരുവനന്തപുരം മണക്കാട് വില്ലേജ് ഓഫീസിൽ അസിസ്റ്റന്റായിരുന്ന ഗിരീശനെതിരേയാണ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മണക്കാട് വില്ലേജ് പരിധിയിൽ പരാതിക്കാരിയുടെ അമ്മയുടെ പേരിലുണ്ടായിരുന്ന 67 സെന്റ് ഭൂമി റീസർവേ ചെയ്ത് അതിർത്തി നിർണയിച്ചുകിട്ടുന്നതിന് 2020ൽ മണക്കാട് വില്ലേജിൽ അപേക്ഷ നൽകിയിരുന്നു. ഇതിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് പരാതിക്കാരി വില്ലേജ് ഓഫീസിൽ അന്വേഷിച്ചപ്പോൾ, ബന്ധപ്പെട്ട ഫയൽ വില്ലേജ് ഓഫീസർ അന്നത്തെ വില്ലേജ് അസിസ്റ്റന്റായിരുന്ന ഗിരീശനു കൈമാറിയതായി അറിയിച്ചു.

തുടർന്ന് 2023 ജൂൺ 10ന് ഗിരീശൻ സ്ഥല പരിശോധന നടത്തിയ ശേഷം റീസർവേയുമായി ബന്ധപ്പെട്ട് സർക്കാരിലേക്ക് ഫീസ് അടയ്ക്കാനെന്ന വ്യാജേന പണം ആവശ്യപ്പെട്ടു. പരാതി എത്തിയതോടെ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ പരാതിക്കാരിയിൽനിന്ന് രണ്ടു തവണകളായി 25,000 രൂപ ഗൂഗിൾ പേ മുഖാന്തരം വാങ്ങിയെടുത്തുവെന്നു കണ്ടെത്തി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് കേസ് രജിസ്റ്റർചെയ്ത്‌ അന്വേഷണം ആരംഭിച്ചത്. ഇയാൾക്കെതിരെ മുമ്പും ഇത്തരം ആരോപണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ജീവനക്കാരും പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button