കൈകോര്‍ക്കാം ലഹരിക്കെതിരേ; കേളകം പഞ്ചായത്തിലെ ലഹരി വിരുദ്ധ ക്യാമ്പയിൻ നാളെ ആരംഭിക്കും

കേളകം: കേരളം മുമ്പെങ്ങും ഇല്ലാത്ത വിധം അതിഭീകരമായ രീതിയിൽ ലഹരിക്ക് അടിപ്പെട്ടു കൊണ്ടിരിക്കുകയാണ്. നമ്മുടെ വരും തലമുറയുടെ ഭാവി നമ്മളെ ആശങ്കപ്പെടുത്തുകയാണ്. ലഹരി മാഫിയ നമ്മുടെ മക്കളുടെ കുരുന്നു ഹൃദയങ്ങളെ കീഴടക്കുന്നു. അവര്‍ അനുസരണയില്ലാത്തവരും കോപിക്കുന്നവരും കലഹിക്കുന്നവരും കൊലപാതകികളുമായി മാറുന്നു. കേരളസമൂഹം ഭയത്തോടെയാണ് ഇതിനെ കാണുന്നത്. എന്നാല്‍, ഭയംകൊണ്ട് യാതൊരു പ്രയോജനവുമില്ല എന്ന് ഏവര്‍ക്കുമറിയാം. അതേസമയം, ഈ രീതിയില്‍ വഴിതെറ്റിപ്പോകുന്നതില്‍ മക്കളെ കുറ്റപ്പെടുത്തിയിട്ടോ മാറിനിന്നിട്ടോ മൗനം പാലിച്ചിട്ടോ കാര്യമില്ല. ഈ സാഹചര്യത്തില്‍ കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻ് പോലീസ് കേഡറ്റ് യൂണിറ്റ്, കേളകം ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് കേളകം പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. 2025 മാർച്ച് 27, 28, 29 വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ‘കൈകോര്‍ക്കാം ലഹരിക്കെതിരേ…’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. കേളകം പഞ്ചായത്തിലെ ശാന്തിഗിരി, അടക്കാത്തോട്, പാറത്തോട്, ചെട്ടിയാംപറമ്പ്, വളയംചാൽ, മഞ്ഞളാംപുറം, വെള്ളൂന്നി, കേളകം ടൗൺ എന്നിങ്ങനെ 9 കേന്ദ്രങ്ങളിലായാണ് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ അവതരിപ്പിക്കുന്ന ഫ്ളാഷ്മോബ്, പ്രസംഗം, കവിതാലാപനം, ഗാനം, പ്ലക്കാർഡ് പ്രദർശനം, ഒപ്പ് ശേഖരണം എന്നിവ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമാകും. പരിപാടിയിൽ ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, എക്സൈസ് ഓഫീസർമാർ, മത നേതാക്കൾ, വ്യാപാരികൾ, സാമൂഹിക സാംസ്കാരിക നായകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പങ്കാളികളാകും. വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ശാന്തിഗിരിയിലാണ് ക്യാമ്പയിന്‍റെ ഉദ്ഘാടനം. ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കേളകം ടൗണിൽ ക്യാമ്പയിൻ അവസാനിക്കും. വിദ്യാർത്ഥികളും മാതാപിതാക്കളും ഉള്‍പ്പടെ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുക്കുന്നതാണ്.