പത്തനംതിട്ടയിൽ മദ്യം നൽകി 16 കാരിയെ പീഡിപ്പിച്ച കേസ്: പ്രതിയായ അഭിഭാഷകന് ഇടക്കാല സംരക്ഷണം നൽകി സുപ്രീംകോടതി

പത്തനംതിട്ട: പത്തനംതിട്ടയിൽ 16 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദിന് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകി സുപ്രീംകോടതി. നൗഷാദ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. ഒരു അഭിഭാഷകനിൽ നിന്നാണോ ഇത്തരം നടപടിയുണ്ടായതെന്ന് ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് ചോദിച്ചു. എന്നാൽ കേസ് വ്യാജമാണെന്ന് നൗഷാദിനായി മുതിർന്ന അഭിഭാഷകൻ ആർ ബസന്ത്, അഭിഭാഷകൻ എ കാർത്തിക് എന്നിവർ വാദിച്ചു.
കേസിൽ എതിർകക്ഷികളായ സംസ്ഥാനസർക്കാരിന് ഉൾപ്പെടെ നോട്ടീസ് അയച്ച കോടതി അഭിഭാഷകൻ അന്വേഷണവുമായി സഹകരിക്കണമെന്നും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിർദ്ദേശിച്ചു. ഹർജിയിൽ തീർപ്പാക്കുന്നത് വരെ അറസ്റ്റ് അടക്കം തുടർനടപടികൾ പാടില്ലെന്ന് കോടതി പറഞ്ഞു. മാതാപിതാക്കളുടെ വിവാഹ മോചനക്കേസ് കൈകാര്യം ചെയ്ത അഭിഭാഷകനാണ് നൗഷാദ് പതിനാറുകാരിയായ പെൺകുട്ടിയെ മദ്യം നൽകി ക്രൂരപീഡനത്തിന് പല തവണ ഇരയാക്കിയെന്നാണ് കേസ്. നിലവിൽ ഇയാൾ ഒളിവിലാണ്. കേസിൽ പ്രതിയെ ഇതുവരെയും പോലീസിന് കണ്ടെത്താനായിട്ടില്ല.