‘എന്റെ നിറത്തിൽ എനിക്ക് സന്തോഷം, പരിഹാസം അപ്രതീക്ഷിതം, ആരാണതെന്ന് അറിയാതിരിക്കുന്നതാണ് നല്ലത്’: ശാരദ മുരളീധരൻ

തിരുവനന്തപുരം: നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ട സംഭവത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. എന്റെ നിറത്തിൽ എനിക്ക് സന്തോഷമെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി സംസാരിച്ചു തുടങ്ങിയത്. പുരോഗമന കേരളം എന്ന ലക്ഷ്യത്തിലേക്ക് പോവുകയാണെന്നും ആ തുടർക്കഥയിലെ ചാപ്റ്റർ മാത്രമാണിതെന്നും ശാരദ മുരളീധരൻ പറഞ്ഞു. ഒരിക്കലും ജോലിയെ വർണ അടിസ്ഥാനത്തിൽ വേർതിരിക്കുമെന്ന് കരുതിയില്ല. അപ്രതീക്ഷിതമായിരുന്നു പരാമർശം. പറഞ്ഞ ആൾ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല. ആരാണ് ഇങ്ങനെ പറഞ്ഞതെന്ന് പറയില്ലെന്നും അറിയാതെ ഇരിക്കട്ടെയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ചർച്ചയാകുമെങ്കിൽ ഇക്കാര്യം പ്രതികരിക്കേണ്ടതല്ലേയെന്നും അവർ ചോദിച്ചു. മക്കളുമായി ഇക്കാര്യം ചർച്ച ചെയ്തു. അമ്മ സ്മാർട്ടാണെന്ന് മക്കൾ എപ്പോഴും പറയും. കുട്ടികളാണ് എപ്പോഴും ധൈര്യം തരുന്നത്. എൻ്റെ സൗന്ദര്യസങ്കൽപ്പത്തിലും വസ്ത്രധാരണത്തിലും വരെ അവരുടെ സ്വാധീനമുണ്ട്. നിറത്തിൻ്റെ പ്രശ്നം അനുഭവിച്ചവരെ സംബന്ധിച്ച് ഇത് വലിയ വിഷയമാണ്. കറുപ്പ് ഏഴ് അഴകെന്നത് ആശ്വാസ വാക്കാണ്. പ്രസവിക്കുമ്പോൾ കുട്ടി വെളുത്തിരിക്കണമെന്ന് പലരും പറയും. കറുത്തതാകുമ്പോൾ ആശ്വാസവാക്കു പറയും.