വീട്ടിലും കടയിലും ആദ്യം പരിശോധന, പിന്നാലെ സംശയം തോന്നി വിറകുപുരയിലും പരിശോധന; പിടിച്ചത് ചന്ദനമുട്ടികൾ

കൊച്ചി: തലശ്ശേരി കൊടോളിപ്രത്ത് കടയിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന 15 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് പിടിച്ചെടുത്തു. അബ്‍ദുള്ള എന്നയാളുടെ കടയിൽ നിന്നും വീട്ടിൽ നിന്നുമായാണ് ഇവ പിടിച്ചെടുത്തത്. ഇയാളിൽ നിന്നും നിയമപ്രകാരമുള്ള പിഴ ഈടാക്കി. തുടർന്ന് വിറക് പുരയിൽ നടത്തിയ പരിശോധനയിൽ 19 ചന്ദന മുട്ടികൾ (3.15 കിലോഗ്രാം) കണ്ടെടുത്തത് പ്രകാരം കൊട്ടിയൂർ റെയിഞ്ചിലെ ഇരിട്ടി സെക്ഷൻ ഫോറസ്റ്റർക്ക് കൈമാറി അബ്ദുള്ളയെ അറസ്റ്റ് ചെയ്തു.
പിണറായി റെയിഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ പ്രമോദ് കെ പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഷിബു വി കെ, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) ലിമേഷ് ഒ, സിവിൽ എക്സൈസ് ഓഫീസർ നിവിൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിനീഷ്, ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽ കുമാർ സി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കൃഷ്ണ ശ്രീ പി, ഉത്തര വി ടി, രാജേഷ് ഈഡൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.അതേസമയം, പെരുമ്പാവൂരിൽ 20.782 ഗ്രാം ഹെറോയിനുമായി അസം സ്വദേശി എക്സൈസ് പിടിയിലായി. ഇസദുൽ ഇസ്ലാം (25) എന്നയാളാണ് പിടിയിലായത്. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സലിം യൂസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ നവാസ് സി എം, ജിഷ്ണു എ എന്നിവരും പങ്കെടുത്തു.