Uncategorized

മലയാള ചലച്ചിത്രലോകത്തെ ചിരിയുടെ തമ്പുരാന്‍ ഇന്നസെന്റ് വിടവാങ്ങിയിട്ട് രണ്ട് വര്‍ഷം

മലയാള ചലച്ചിത്രലോകത്തെ ചിരിയുടെ തമ്പുരാന്‍ ഇന്നസെന്റ് വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. അഞ്ച് പതിറ്റാണ്ടിലേറെ ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അതുല്യപ്രതിഭ അവശേഷിപ്പിച്ച വിടവ് നികത്താന്‍ ആരെക്കൊണ്ടും സാധിച്ചിട്ടില്ല.

ഇരിങ്ങാലക്കുടക്കാരന്റെ തനിനാടന്‍ ശൈലിയിലുള്ള സംഭാഷണങ്ങളായിരുന്നു ഇന്നസെന്റിനെ മലയാളികളുടെ ഹൃദയത്തിലേക്ക് അടുപ്പിച്ചത്. ആ സാന്നിധ്യം മാത്രം മതിയായിരുന്നു മലയാളിക്ക് മതിമറന്നുചിരിക്കാന്‍. എത്രയെത്ര തവണ കണ്ടിട്ടും മതിവരാതെ ആര്‍ത്തുചിരിച്ചു. മാന്നാര്‍ മത്തായി സ്പീക്കിംഗിലെ മത്തായിയച്ചന്‍, കല്യാണ രാമനിലെ പോഞ്ഞിക്കര, മണിച്ചിത്രത്താഴിലെ ഉണ്ണിത്താന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ പൊട്ടിച്ചിരിപ്പിച്ചു. എന്നാല്‍ കാബൂളിവാല പോലുള്ള ചിത്രങ്ങളില്‍ കണ്ണുനനയിച്ചു. എണ്ണംപറഞ്ഞ ചില വില്ലന്‍കഥാപാത്രങ്ങളും ഇന്നസെന്റിന്റേതായുണ്ട്. പൊന്‍മുട്ടയിടുന്ന താറാവിലെ പണിക്കര്‍, മഴവില്‍ക്കാവടിയിലെ ശങ്കരന്‍കുട്ടി മേനോന്‍ പോലുള്ള കഥാപാത്രങ്ങള്‍ മലയാളിക്ക് എന്നും ഗൃഹാതുരത സമ്മാനിച്ച് നിലനില്‍ക്കും.

തെക്കേത്തല വറീതിന്റേയും മര്‍ഗലീത്തയുടേയും മകനായി ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം.8 ആം ക്ലാസില്‍ പഠിപ്പ് നിര്‍ത്തി ബിസിനസും രാഷ്ട്രീയവും പയറ്റി സിനിമാ നിര്‍മാതാവായി ഒടുവില്‍ മലയാളത്തിലെ ഹാസ്യസാമ്രാട്ടായി അരങ്ങു വാണു. ഇതിനിടെ ചാലക്കുടിയെ പ്രതിനിധീകരിച്ച് ലോക്‌സഭയിലുമെത്തി. താരസംഘടന അമ്മയുടെ പ്രസിഡന്റായി 15 വര്‍ഷം സേവനം അനുഷ്ഠിക്കുകയും ചെയ്തു. അര്‍ബുദബാധിതനായി ഇടവേള എടുത്തെങ്കിലും മടങ്ങിയെത്തി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാള സിനിമാ മേഖലെയെയാകെ കരയിച്ചുകൊണ്ട് അദ്ദേഹം വിടവാങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button