Uncategorized

പെൺകുട്ടികളുടെ മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ്; കേസെടുത്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. വിധിയെ ചോദ്യം ചെയ്ത് അഞ്ജലി പട്ടേല്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഇത് ചര്‍ച്ചയ്ക്ക് വഴിവെച്ചതോടെയാണ് വിഷയത്തില്‍ സുപ്രീംകോടതി ഇടപെട്ടിരിക്കുന്നത്. ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ബുധനാഴ്ച കേസ് പരിഗണിക്കും.

പെണ്‍കുട്ടികളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവായി കാണാന്‍ കഴിയില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. ബലാത്സംഗ ശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചായിരുന്നു ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ പരാമര്‍ശം.

പെണ്‍കുട്ടിക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റിയ പ്രതികള്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്ന പരാതിയില്‍ 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ഹൈക്കോടതിയുടെ നീരീക്ഷണം. കീഴ്‌ക്കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതോ, പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതോ ബലാത്സംഗ ശ്രമമായി കാണാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതിനെതിരെയാണ് അഞ്ജലി പട്ടേല്‍ എന്നയാള്‍ സ്വകാര്യ റിട്ട് സമര്‍പ്പിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയോ, സംസ്ഥാന സര്‍ക്കാരോ ആണ് അപ്പീല്‍ നല്‍കേണ്ടതെന്നായിരുന്നു സുപ്രീംകോടതി പറഞ്ഞത്. ക്രിമിനല്‍ കേസുകളിലടക്കം അപ്പീലുകള്‍ സമര്‍പ്പിക്കുമ്പോള്‍ പ്രത്യേകാനുമതി ഹര്‍ജിയായി വേണം സമീപിക്കാനെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button