Uncategorized

‘ഭർത്താവുമായി അകന്ന ശേഷം മൃദുലുമായി അടുപ്പം’; വാളയാറിൽ അമ്മയും മകനും ലഹരിക്കടത്ത് തുടങ്ങിയത് ഒരു വർഷം മുമ്പ്

പാലക്കാട്: വാളയാറിൽ രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസമാണ് തൃശൂർ സ്വദേശി അശ്വതി (46), മകൻ ഷോൺ സണ്ണി (21), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി മൃദുൽ (29), അശ്വിൻ ലാൽ (26) എന്നിവർ വിൽപനയ്ക്കായി കാറിൽ കൊണ്ടുവരികയായിരുന്ന 10.12 ഗ്രാം എംഡിഎംഎയുമായി എക്സൈസിന്റെ പിടിയിലായത്. പിടിയിലായ അമ്മയും മകനും ലഹരിക്കടത്ത് ആരംഭിച്ചത് ഒരുവർഷം മുമ്പാണെന്ന് എക്സൈസ് വ്യക്തമാക്കി.

ഭർത്താവുമായി അകന്നശേഷം കേസിലെ മുഖ്യപ്രതി മൃദുലുമായുണ്ടാക്കിയ സൗഹൃദമാണ് അശ്വതിയെ ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാക്കിയത്. തൃശൂർ സ്വദേശിയായ അശ്വതി ഭർത്താവുമായി പിരിഞ്ഞ ശേഷമാണ് കോഴിക്കോട് സ്വദേശി മൃദുലുമായി അടുത്ത ബന്ധമുണ്ടാക്കുന്നത്. മൃദുലിന്‍റെ പ്രേരണയാലാണ് ഇവർ ലഹരി ഉപയോഗം തുടങ്ങിയത്. പിന്നാലെ ഒരു വർഷം മുമ്പ് ലഹരികടത്തിലേക്ക് കടന്നു. മുഖ്യപ്രതി മൃദുലാണ് ബംഗലൂരുവിൽ നിന്ന് ലഹരി എത്തിച്ച് നൽകുന്നത്. പിന്നീട് എറണാകുളത്ത് ചില്ലറവിൽപന നടത്തും. കൂട്ടിന് 21 കാരൻ മകനെയും അശ്വതി ഒപ്പം കൂട്ടുകയായിരുന്നു. എംഡിഎംഎയുടെ ഉറവിടവും ഇടപാടിലെ മറ്റ് കണ്ണികളെയും കണ്ടെത്താൻ പ്രതികളെ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ് അന്വേഷണസംഘം. സംഘം പതിവായി ലഹരി കൈമാറിയിരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ നാലുപേരുടെയും ഫോണിൽ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കാറിൽ നിന്ന് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള സിറിഞ്ചിനും മയക്കുഗുളികക്കും പുറമെ തൂക്കിനൽകാനുള്ള ത്രാസ്, പ്ലാസ്റിക് കവറുകൾ എന്നിവ എക്സൈസ് കണ്ടെത്തിയിരുന്നു. കോഴിക്കോട് സ്വദേശിയായ മുഖ്യപ്രതി മൃദുലിന് സമാനമായ നിരവധി ലഹരിക്കേസുകളുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. ബെംഗളൂരുവിൽനിന്നുള്ള യാത്രയിൽ ബെംഗളൂരുവിനും വാളയാറിനും ഇടയിൽ നിരവധി തവണ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും പിടിയിലായവർ മൊഴി നൽകിയിട്ടുണ്ട്. പ്രതികൾക്ക് ലഹരി ലഭിക്കുന്ന ഉറവിടവും ഇടപാടിലെ മറ്റ് കണ്ണികളെയുംകണ്ടെത്താൽ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ് എക്സൈസ് സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button