Uncategorized

ഇലന്തൂർ ഇരട്ട നരബലി കേസ്: ലൈലയ്ക്കും ഷാഫിക്കും ഭഗവല്‍സിംഗിനുമെതിരെ ഏപ്രില്‍ ഒന്നിന് കോടതി കുറ്റം ചുമത്തും

പത്തനംതിട്ട: ഇലന്തൂർ നരബലി കേസിൽ പ്രതികൾക്കെതിരെ ഏപ്രിൽ ഒന്നിന് കോടതി കുറ്റം ചുമത്തും. മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവർക്കെതിരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി കുറ്റം ചുമത്തുക. പ്രതികളുടെ വിടുതൽ ഹർജിയിലും കോടതി അന്നുതന്നെ വിധി പറയും. വിടുതൽ ഹർജി തള്ളുകയാണെങ്കിൽ കുറ്റം ചുമത്തുന്നതിന് സാവകാശം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം കോടതി അംഗീകരിച്ചില്ല. കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത് ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചുമെന്നാണ് വിടുതൽ ഹർജിയിൽ പ്രതികളുടെ വാദം. ഇതല്ലാതെ കേസിൽ തങ്ങൾക്കെതിരെ യാതൊരു തെളിവുമില്ലെന്നും പ്രതികൾ വാദിച്ചിരുന്നു. എന്നാൽ പ്രതികൾക്കെതിരെ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉണ്ടെന്ന് ഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ വ്യക്തമാക്കി.

കുടുംബത്തിന്‍റെ സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് മനുഷ്യരെ ബലി നൽകി കൊലപ്പെടുത്തിയെന്നത് കേരളം നടുക്കത്തോടെ കേട്ട സംഭവമാണ്. പുരോഗമനവാദിയായി അവതരിച്ച് അന്ധവിശ്വാസത്തിന്‍റെ പരകോടിയിലായിരുന്ന ഭഗവൽ സിംഗും ഭാര്യ ലൈലയുമായിരുന്നു മനുഷ്യക്കുരുതിയ്ക്കായി കളമൊരുക്കിയത്. ഇലന്തൂരിലെ വീട്ടിലൊരുക്കിയ ആഭിചാര കളത്തിലേക്ക് നിരാലംബരായ രണ്ട് സ്ത്രീകളെ പണം വാഗ്ദാനം ചെയ്ത് എത്തിച്ചത് കൊച്ചിയിലെ ഹോട്ടൽ തൊഴിലാളിയായ മുഹമ്മദ് ഷാഫിയാണ്. ലോട്ടറി കച്ചവടക്കാരായ തമിഴ്നാട് സ്വദേശി പദ്മയും വടക്കാഞ്ചേരിയിലെ റോസ്ലിനുമായിരുന്നു ഇരകൾ. കടവന്ത്ര പോലീസിന് ലഭിച്ച മിസ്സിംഗ് പരാതിയിലെ അന്വേഷണമാണ് കേട്ടുകേൾവിയില്ലാത്ത കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറംലോകത്ത് എത്തിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button