‘നന്മയിൽ ജോണ്‍ കിയോത്തെ’; മിഥുൻ മോഹന്‍റെ ഓർമ്മകളിൽ ഡോൺ ക്വിക്സോട്ടിനെ പാലക്കാടന്‍ മണ്ണിലിറക്കാൻ സുഹൃത്തുക്കൾ

പാലക്കാട്: ഗവൺമെന്‍റ് വിക്ടോറിയ കോളേജിൽ മാർച്ച് 29, 30 തീയതികളിൽ ഡോൺ ക്വിക്സോട്ട് ഇറങ്ങുകയാണ്. പതിനാറാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മിഗ്വെൽ ഡി സെർവാന്‍റസിന്‍റെ ഡോണ്‍ക്വിക്സോട്ട്. മധ്യയുഗത്തിലെ കഥാ സന്ദർഭത്തെ കേരളീയ പശ്ചാത്തലത്തില്‍ നാടകവത്ക്കരിക്കുകയാണ് ഒരു സംഘം സുഹൃത്തുക്കൾ. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച 2023 ജൂണ്‍ നാലിന് മിഥുന്‍ മോഹന്‍ എന്ന യുവ ചിത്രകാരന്‍റെ ഓർമ്മയ്ക്കായി ഒരു സംഘം സുഹൃത്തുക്കളാണ് ഡോൺ ക്വിക്സോട്ടിനെ പാലക്കാടന്‍ മണ്ണിലേക്ക് ഇറക്കുന്നത്.
ഓഡിയോ വിഷ്വൽ പെർഫോമൻസ് ആക്കാന്‍ മിഥുന്‍ പദ്ധതിയിട്ടിരുന്ന അദ്ദേഹത്തിന്‍റെ ഇഷ്ട നോവലായ ഡോണ്‍ക്വിക്സോട്ടിന്‍റെ സ്വതന്ത്ര നാടകാവിഷ്കാരമായി ‘നന്മയിൽ ജോണ്‍ കിയോത്തെ’ എന്ന നാടകം അലിയാർ അലിയാണ് സംവിധാനം ചെയ്യുന്നത്. യാഥാർത്ഥ്യത്തിനും മിഥ്യയ്ക്കുമിടയ്ക്ക് മധ്യകാലത്തെ യൂറോപ്യന്‍ ഗ്രാമങ്ങളിലെ കാറ്റാടി യന്ത്രങ്ങളോട് യുദ്ധം ചെയുന്ന ക്വിക്സോട്ടിന് ഒരു ഭ്രാന്തൻ പരിവേഷമാണ് ലോകം കല്പിച്ചു നൽകിയത്.