ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്യാൻ ക്രൂര പദ്ധതി; പമ്പിൽ കേറിയ സമയം സുഹൃത്തിന്റെ സഹായത്തോടെ വാഹനാപകടം സൃഷ്ടിച്ചു

ലക്നൗ: ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്യാനായി സുഹൃത്തിന്റെ സഹായത്തോടെ വാഹനാപകടം സൃഷ്ടിച്ച് യുവാവ്. ഉത്തർപ്രദേശിലെ ബിജ്നോഖിലാണ് സംഭവം. അങ്കിത് കുമാർ എന്നയാൾ തന്റെ സുഹൃത്തായ സച്ചിൻ കുമാറുമായി ചേർന്ന് ഭാര്യയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. തുടർന്ന് പ്ലാൻ അനുസരിച്ച് കൊലപാതകം നടത്തിയെങ്കിലും കേസ് അന്വേഷിച്ച പൊലീസ് ഇവരുടെ പദ്ധതി പൊളിച്ചു.
അങ്കിത് കുമാറിന്റെ ഭാര്യ കിരണാണ് (30) കൊല്ലപ്പെട്ടത്. ദമ്പതികൾക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. അങ്കിതിന് കിരണിന്റെ സഹോദരിയെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ചേച്ചിയുടെ ഭർത്താവായതിനാൽ സഹോദരി സമ്മതിച്ചിരുന്നില്ലത്രെ. ഇതിന് പരിഹാരമായാണ് ഭാര്യയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അങ്കിതും സുഹൃത്ത് സച്ചിനും അറസ്റ്റിലായിട്ടുണ്ട്. കൊലപാതകത്തിന് ഇവർ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.