കഴുകിയിട്ടും കാറിന്റെ പ്ലാറ്റ്‍ഫോമിൽ ഇപ്പോഴും രക്തക്കറ; തൊടുപുഴ കൊലപാതകത്തിൽ നിർണായ തെളിവായ വാഹനം കണ്ടെടുത്തു

തൊടുപുഴ: ഇടുക്കി തൊടുപുഴ കൊലപാതകത്തിലെ നിർണായക തെളിവുകളിലൊന്നായ വാഹനം കണ്ടെടുത്തു. പ്രതികൾ ബിജുവിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാനാണ് കലയന്താനിക്ക് സമീപത്തു വെച്ച് കണ്ടെടുത്തത്. വാനിനുള്ളിൽ നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തുകയും ചെയ്തു
പ്രതി ജോമോന്റെ സുഹൃത്തായ കലയന്താനി കുറിച്ചിപാടം സ്വദേശി സിജോയുടെ വാഹനത്തിൽ ആയിരുന്നു നാലുപേരും ചേർന്ന് ബിജുവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു കൊലപ്പെടുത്തിയത്. വാഹനത്തിൻറെ പ്ലാറ്റ്ഫോമിൽ രക്തക്കറയുണ്ട്. കൃത്യത്തിന് ശേഷം വാഹനം കഴുകി തെളിവ് നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചു. തുടർന്ന സുഹൃത്തിൻറെ വീട്ടിൽ വാൻ കൊണ്ടിട്ടു. എന്നാൽ താക്കോൽ മടക്കി നൽകിയില്ല.
ബിജുവിനെ വാനിൽ പിടിച്ചു കയറ്റിയ ശേഷം ക്രൂരമായി മർദ്ദിച്ച എന്നാണ് പ്രതികളുടെ മൊഴി. ബിജു ബഹളം വെച്ചപ്പോൾ സിജോ മുഖത്തിനിടിച്ചു. പിൻ സീറ്റിലും പ്ലാറ്റ്ഫോമിലുമുള്ള രക്തക്കറ ഈ മൊഴി സാധൂകരിക്കുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു. പ്രതികൾ കടത്തിക്കൊണ്ടുപോയ ബിജുവിന്റെ ഇരുചക്രവാഹനം വൈപ്പിനിൽ ഉണ്ടെന്നാണ് വിവരം. ഇതും ഉടനെ കസ്റ്റഡിയിലെടുക്കും.
നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ ഉള്ള ആഷിക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അടുത്ത ദിവസം തന്നെ ഇയാളെയും തൊടുപുഴയിൽ എത്തിച്ച് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.