കുതിരയ്ക്ക് സ്മാരകമുള്ള ദേവാലയ സെമിത്തേരി എന്ന അപൂർവത, അന്തിയുറങ്ങുന്നത് 36 വിദേശികൾ; പള്ളിക്കുന്നിലെ പള്ളി

ഇടുക്കി: വിദേശികളുടെ ശവകുടിരങ്ങൾ ഒന്നര നൂറ്റാണ്ടിലധികമായി സംരക്ഷിക്കുന്ന ചരിത്ര പ്രാധാന്യമുള്ള പള്ളിയുണ്ട് ഇടുക്കിയിൽ. പീരുമേടിനടുത്ത് പള്ളിക്കുന്നിലുള്ള സെന്‍റ് ജോർജ് സിഎസ്ഐ ദേവാലയത്തെ തീർത്ഥാടന ടൂറിസം പട്ടികയിൽ ഉൾപ്പെടുത്താനുള്ള ആലോചനയിലാണ് വിനോദ സഞ്ചാര വകുപ്പ്. ഇടുക്കിയിലെ തേയില വ്യവസായത്തിന് തുടക്കം കുറിച്ച വിദേശികളുടെ ശവകുടിരങ്ങൾ ഒന്നര നൂറ്റാണ്ടിലധികമായി സംരക്ഷിക്കുന്ന ചരിത്ര പ്രാധാന്യമുള്ള പള്ളിയാണിത്.
മൂന്നാറുൾപ്പെടെ ഇടുക്കിയിലെ തേയില വ്യവസായത്തിന് തുടക്കം കുറിച്ച ജോൺ ഡാനിയൽ മൺറോയുടേതടക്കം 36 വിദേശികളുടെ കല്ലറകളാണ് പള്ളിക്കുന്ന് സെന്‍റ് ജോർജ് പള്ളിയിലെ ബ്രിട്ടിഷ് സെമിത്തേരിയിലുള്ളത്. നാലുമാസം മാത്രം പ്രായമുണ്ടായിരുന്ന ഡിങ്ർൺ വിനി ഫ്രെഡ് മേരിയും രണ്ടു വയസുകാരി ബ്രിജെറ്റ് മേരിയും 71 കാരൻ മിൽനർ വാൾട്ടറുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. എല്ലാവരും പീരുമേട്ടിലെ തേയിലത്തോട്ട വ്യവസയവുമായി ബന്ധപ്പെട്ട് എത്തിയവരാണ്. മൺറോയുടെ സന്തത സഹചാരിയായിരുന്ന ഡൗണിയെന്ന വെളുത്ത കുതിരയെ അടക്കം ചെയ്തിരിക്കുന്നതും മൺറോയുടെ കല്ലറയുടെ സമീപത്താണ്. ദേവാലയ സെമിത്തേരിയിൽ കുതിരയ്ക്ക് സ്മാരകമുള്ളത് അപൂർവ സംഭവമാണ്.