Uncategorized

കലൂര്‍ സ്റ്റേഡിയത്തില്‍ ഉമ തോമസിന് പരുക്കേറ്റ അപകടം; മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പൊലീസ്; ജിസിഡിഎക്കും പൊലീസിനും ക്ലീന്‍ ചിറ്റ്

കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ അപകടത്തില്‍പെട്ട സംഭവത്തില്‍ വേദി ഒരുക്കിയ മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പൊലീസ്. ജിസിഡിഎക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പൊലീസ്. ഇതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം പൂര്‍ത്തിയായി. പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

കേസില്‍ നടി ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കാനുണ്ട്. മൊഴി ഉടന്‍ രേഖപ്പെടുത്തും. നൃത്തപരിപാടിയുടെ സംഘടിപ്പിച്ച മൃദംഗവിഷന്‍
അധികൃതരാണ് കേസിലെ പ്രതികള്‍. മതിയായ സുരക്ഷ ഒരുക്കാത്തെ സ്റ്റേജ് നിര്‍മിച്ചതിനാണ് കേസ് എടുത്തത്. സ്റ്റേജ് നിര്‍മാണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ഒരു ചട്ടവും മൃദംഗവിഷന്‍ പാലിച്ചിരുന്നില്ലെന്നാണ് കണ്ടെത്തല്‍.

നേരത്തെ ജിസിഡിഎയ്ക്കും പൊലീസിനുമെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയടക്കം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ അത്തരത്തിലൊരു വീഴ്ചയും പൊലീസിനും ജിസിഡിഎയ്ക്കും സംഭവിച്ചിട്ടില്ല, അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം മൃദംഗവിഷനാണ് എന്ന നിഗമനത്തിലേക്കാണ് പാലാരിവട്ടം പൊലീസ് എത്തിയിരിക്കുന്നത്.

2024 ഡിസംബര്‍ 29നാണ് ഉമ തോമസ് അപകടത്തില്‍പെട്ടത്. 45 ദിവസമാണ് അപകടത്തില്‍ പരുക്കേറ്റ് ഉമ തോമസ് ആശുപത്രിയില്‍ കിടന്നത്. കേസില്‍ 250 ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് മൃദംഗ വിഷന്റെ ഡയറക്ടര്‍ അടക്കമുള്ള നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. രണ്ട് കേസുകളാണ് കലൂരിലെ ഈ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് എടുത്തിരുന്നത്. ഒന്ന് ഉമ തോമസിനുണ്ടായ അപകടവുമായി ബന്ധപ്പെട്ടുള്ളതാണ്. മറ്റൊന്ന് മൃദംഗ വിഷന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ചുള്ളതാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള കേസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button